Skip to main content

ചെറുചക്കിച്ചോലയ്ക്ക് തണലേകാന്‍ 1000 മൂവാണ്ടന്‍ മാവുകള്‍ 

 

ചെറുചക്കിച്ചോലയ്ക്ക് തണലായി മാന്തോപ്പൊരുക്കാന്‍ എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത്. 1000 മൂവാണ്ടന്‍ മാവുകളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് വച്ച് പിടിപ്പിക്കുന്നത്. പ്രകൃതി സംരക്ഷണത്തോടൊപ്പം ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (ജൂണ്‍ 5) രാവിലെ എ സി മൊയ്തീന്‍ എംഎല്‍എ ചെറുചക്കിച്ചോല ടൂറിസം ഡെസ്റ്റിനേഷനില്‍ വച്ച് നിര്‍വഹിക്കും. 

കഴിഞ്ഞ വര്‍ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഔഷധ വനോദ്യാനം പദ്ധതിയുടെ തുടര്‍ച്ചയാണ് ഈ ഉദ്യമം. ജനങ്ങളില്‍ നിന്ന് ശേഖരിച്ച മാവിന്‍തൈകള്‍ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിലുള്ള നഴ്‌സറിയില്‍ സജ്ജമാക്കി പ്രദേശത്ത് നട്ടു പിടിപ്പിക്കും. പരിസ്ഥിതി ദിനത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നു എന്നതിനപ്പുറം പ്രകൃതിയെ ഹരിതാഭമാക്കാനുള്ള നിരന്തരമായ ഇടപെടലാണ് പഞ്ചായത്ത് നടത്തുന്നതെന്ന് പ്രസിഡന്റ് എസ് ബസന്ത് ലാല്‍ പറഞ്ഞു. പരമ്പരാഗതമായ മൂവാണ്ടന്‍ മാവിന്റെ പ്രാധാന്യവും ഗുണങ്ങളും തിരിച്ചറിഞ്ഞ് അതിനെ പ്രയോജനപ്പെടുത്താനുള്ള ശ്രമം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തും കേരള വനംവകുപ്പും വനസംരക്ഷണ സമിതിയും ഔഷധിയും സംയുക്തമായാണ് കഴിഞ്ഞ വര്‍ഷം ചെറുചക്കിച്ചോലയില്‍ ഔഷധ വനോദ്യാനത്തിന് തുടക്കം കുറിച്ചത്. ദന്തപ്പാല, നീലഉമ്മം, എരുക്ക് ഇന്നി, പാതിരി, ഏലിലം പാല തുടങ്ങി 133 ഇനം ഔഷധസസ്യങ്ങളാണ്  അന്ന്  നട്ടുപിടിപ്പിച്ചത്.

തൃശൂര്‍ ടൗണില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെയാണ് ചെറുചക്കിച്ചോല ടൂറിസം ഡെസ്റ്റിനേഷന്‍ സ്ഥിതി ചെയ്യുന്നത്. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുചക്കിച്ചോല. ചോലയിലെത്താന്‍ ഒരു കിലോമീറ്ററോളം കാട്ടിലൂടെ നടക്കണം. ചെറുതും വലുതുമായ ഏഴോളം വെള്ളച്ചാട്ടങ്ങള്‍ പ്രദേശത്തുണ്ട്.

date