Skip to main content

പച്ച പിടിച്ച് മിയാവാക്കി വനങ്ങൾ; ഇനി ജില്ലാ പഞ്ചായത്തിന്റെ പഴവർഗത്തോട്ടങ്ങൾ

 

ഇടതൂർന്ന് നട്ട പ്ലാവും മാവും നെല്ലിയും നീർമരുതും അശോകവും.. അവയ്ക്ക് ചുറ്റും പാറി നടക്കുന്ന പൂമ്പാറ്റകളും ചെറുകിളികളും... തണലും തണുപ്പുമുള്ള കൊച്ചു മിയാവാക്കി വനങ്ങൾ വളരുകയാണ്. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം ആരംഭിച്ച ലിറ്റിൽ ഫോറസ്റ്റ് ചലഞ്ചിന്റെ ഭാഗമായുള്ള മാതൃകാ മിയാവാക്കി വനങ്ങൾ പച്ചപിടിച്ചുകഴിഞ്ഞു. കാർബൺ ന്യൂട്രൽ ജില്ല എന്ന വിശാലമായ ആശയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് ഈ പദ്ധതി. ഇത്തവണത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഴവർഗത്തോട്ടങ്ങൾ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ പഞ്ചായത്ത്.

 

രണ്ട് മുതൽ 10 സെന്റ് വരെയുള്ള സ്ഥലങ്ങളിലാണ് മിയാവാക്കി വനങ്ങൾ വച്ചുപിടിപ്പിച്ചത്. വിവിധ ഇനത്തിൽപ്പെട്ട നാനൂറോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചാണ് ചെറുവനങ്ങൾ ഒരുക്കിയത്. അപേക്ഷ നൽകിയ അമ്പതോളം ഗുണഭോക്താക്കളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 കേന്ദ്രങ്ങളിലായിരുന്നു വനവൽക്കരണം. പ്രദേശത്തിന്റെ മണ്ണും ഭൂപ്രകൃതിയും പരിശോധിച്ചാണ് ശാസ്ത്രീയമായ രീതിയിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചത്. കാസർകോട് സോഷ്യൽ ഫോറസ്ട്രി, പരിയാരം ഔഷധി എന്നിവിടങ്ങളിൽ നിന്നും ബാംഗ്ലൂരിലുള്ള ഹസൈനാർ എന്ന വ്യക്തിയും നൽകിയ ഫലവൃക്ഷത്തൈകളാണ് മിയാവാക്കി വനങ്ങളിൽ തഴച്ചുവളരുന്നത്. വ്യക്തികളും സ്ഥാപനങ്ങളും ക്ഷേത്രക്കാവുകളും ഏറ്റെടുത്തുകൊണ്ടാണ് ലിറ്റിൽ ഫോറസ്റ്റ് ചലഞ്ചിലൂടെ മികച്ച മിയാവാക്കി വനങ്ങൾ ഒരുക്കിയത്. കണ്ണൂർ സർവകലാശയിൽ സുഗതകുമാരി നാട്ടുമാന്തോപ്പും ഒരുക്കി.

പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് ഫ്രൂട്ട് ഫോറസ്റ്റ് എന്ന പഴവർഗ തോട്ടങ്ങൾ പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു. നാട്ടുമാവ്, പ്ലാവ്,പേര, നെല്ലി, റമ്പൂട്ടാൻ, സപ്പോട്ട, മാങ്കോസ്റ്റിൻ, ഞാവൽ, അത്തി, സീതപ്പഴം, ആത്ത തുടങ്ങി  25 ഓളം വൃക്ഷത്തൈകൾ നൽകും. സ്ഥാപനങ്ങളിൽ സൗജന്യമായും വ്യക്തികൾക്ക് സബ്സിഡിയോടെയും വൃക്ഷത്തൈകൾ നൽകി മികച്ച പഴത്തോട്ടങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം. കാർബൺ ന്യൂട്രൽ ജില്ല എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയ ചുവടുവെപ്പായി ഫ്രൂട്ട് ഫോറസ്റ്റ് മാറും

date