Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 04-06-2022

സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി:

പേരും ലോഗോയും ക്ഷണിച്ചു

 

ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സാക്ഷരതാ മിഷൻ വഴി ജില്ലയിൽ നടപ്പാക്കുന്ന സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിക്കായി പേരും ലോഗോയും ക്ഷണിച്ചു. ജില്ലയിലെ 50 വയസ്സിൽ താഴെയുള്ള മുഴുവനാളുകളെയും പത്താംതരം തുല്യത നേടിയവരാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന പേര്, ലോഗോ എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. താൽപര്യമുള്ളവർ ജൂൺ 10ന് മുമ്പ് പേരും ലോഗോയും ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ എന്ന വിലാസത്തിലോ knr.literacy@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയക്കണം. ഫോൺ: 0497 2707699.

 

മത്സ്യത്തൊഴിലാളി ക്ഷേമം:

നിയമസഭാ സമിതി യോഗം ഏഴിന് 

 

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി യോഗം ജൂൺ ഏഴിന് രാവിലെ 10.30ന് ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. സമിതിക്ക് ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുക്കും. മത്സ്യ-അനുബന്ധ തൊഴിലാളികളിൽ നിന്ന് പരാതി സ്വീകരിക്കും. പരാതി സമർപ്പിക്കാൻ താൽപര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും യോഗത്തിനെത്തി സമിതി അധ്യക്ഷനെ അഭിസംബോധന ചെയ്തു പരാതികൾ/ അപേക്ഷകൾ സമർപ്പിക്കാം.

 

അസിസ്റ്റന്റ് ജനറൽ മാനേജർ ഒഴിവ്

 

തൃശൂർ ജില്ലയിലെ  അർധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (ലീഗൽ)  തസ്തികയിൽ  ഓപ്പൺ വിഭാഗത്തിനു സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമത്തിൽ ബിരുദാനന്തര ബിരുദം, തൊഴിൽ, കമ്പനി നിയമങ്ങളിൽ ഏഴ് വർഷത്തിൽ കുറയാതെയുള്ള സിവിൽ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കിൽ തൊഴിൽ പരിചയം ആണ് യോഗ്യത. പ്രായം: 18നും 50 നും ഇടയിൽ.

യോഗ്യതയുളള ഉദ്യോഗാർഥികൾ പ്രായം,  വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം  എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യുക. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന്  ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം.

 

പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും

 

കേരള ഫോക്‌ലോർ അക്കാദമി കണ്ണപുരം ഗ്രാമപഞ്ചായത്ത്, ദേശീയ യുവജനസംഘം വായനശാല ആന്റ് ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ ഇടക്കേപ്പുറം വായനശാല പരിസരത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. ജൂൺ 5ന് രാവിലെ 10 മണിക്ക് ഫോക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ രതി അധ്യക്ഷത വഹിക്കും.  അക്കാദമി സെക്രട്ടറി എ വി അജയകുമാർ ആമുഖ ഭാഷണം നടത്തും.

 

വൃക്ഷ സമൃദ്ധി പദ്ധതി; 

സംസ്ഥാനതല ഉദ്ഘാടനം 5ന് പിണറായിയിൽ

 

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5ന് നടക്കും. രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വനം വന്യജീവി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിത ഭംഗി വർദ്ധിപ്പിക്കുക, കേരളത്തെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും മോചിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വൃക്ഷവൽക്കരണ പരിപാലന പ്രവർത്തനം നടത്തുക. സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളിലെ 832 നേഴ്സറികളിലായി ഇതുവരെ 43 ലക്ഷത്തോളം വൃക്ഷതൈകൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. 

ഉദ്ഘാടന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. എം പിമാർ, എം എൽ എമാർ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.

 

ട്രോളിങ്ങ് നിരോധനം: യോഗം ആറിന്

 

ട്രോളിങ്ങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികൾ, മത്സ്യ മേഖലയിലെ വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂൺ ആറിന് ഉച്ച മൂന്ന് മണിക്ക്  ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും.

 

ഓൺലൈൻ ഇന്റർവ്യൂ

 

സഹകരണ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എംബിഎ ബാച്ചിലേക്ക് ജൂൺ ഏഴിന് രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി-മാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷവിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ meet.google.com/rak-sgbp-huo എന്ന ലിങ്കിൽ കയറി ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547618290.

 

സീറ്റ് ഒഴിവ്

 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കുടുംബശ്രീയും മൂവാറ്റുപുഴ ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ സയൻസസ് ആൻഡ് ടെക്‌നോളജി ട്രസ്റ്റും നടപ്പാക്കുന്ന ദീൻ ദയാൽ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന എന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗാർഡനർ കം നഴ്‌സറി റെയ്‌സർ, ഇന്റീരിയർ ലാൻഡ് സ്‌കേപ് എന്നീ കോഴ്‌സുകളിലേക്ക് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 35നും ഇടയിൽ. ഫോൺ: 8848942996, 8078586214. 

 

കെട്ടിടം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

 

ധർമ്മടം വില്ലേജ് ഓഫീസും ഇനി സ്മാർട്ടാണ്

 

താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ച ധർമ്മടം വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം ഒരുങ്ങി. മീത്തലെ പീടികയിലാണ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിച്ചത്. കെട്ടിടം ജൂൺ 6 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

വൈദ്യുതികരണം, ഫർണിച്ചർ എന്നിവ ഉൾപ്പെടെ 44 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. പി ഡബ്ല്യൂ ഡിക്കായിരുന്നു നിർമ്മാണ ചുമതല. ഒന്നാം നിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശിചിമുറി എന്നിവയും രണ്ടാം നിലയിൽ റെക്കോർഡ് റൂം, ഓഫീസ് മുറി, ശുചിമുറി എന്നിവയുമാണുള്ളത്. ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അദ്ധ്യക്ഷത വഹിക്കും. എം പിമാരായ കെ സുധാകരൻ, ഡോ വി ശിവദാസൻ, അഡ്വ. പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ സംബന്ധിക്കും.

 

പടം) ഉദ്ഘാടനത്തിന് ഒരുങ്ങിയ ധർമ്മടം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം

 

വൈദ്യുതി മുടങ്ങും

 

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോവുന്തല, മുനമ്പ് കടവ് എന്നീ ഭാഗങ്ങളിൽ ജൂൺ അഞ്ച് ഞായർ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ബോട്ട് ഓപ്പറേറ്റർമാരുടെ യോഗം

 

പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബോട്ട് ഓപ്പറേറ്റർമാരുടെ യോഗം ജൂൺ എട്ടിന് രാവിലെ 11 മണിക്ക് ആന്തൂർ നഗരസഭ ഓഫീസിൽ ചേരും. മുഴുവൻ ബോട്ട് ഓപ്പറേറ്റർമാരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

 

സൈക്ലത്തോൺ ഞായറാഴ്ച

 

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേർന്ന് സൈക്ലത്തോൺ സംഘടിപ്പിക്കുന്നു. ജൂൺ അഞ്ചിന് രാവിലെ 7 മണിക്ക് കലക്ട്രേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഫ്ളാഗ് ഓഫ് ചെയ്യും. കണ്ണൂർ സൈക്ലിങ് ക്ലബ്ബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുക്കും. കലക്ട്രേറ്റിലാണ് സൈക്ലത്തോൺ സമാപിക്കുക.

 

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി; 

വിത്തിടൽ ഞായറാഴ്ച

 

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കരനെൽകൃഷി വിത്തിടലിന്റെ മയ്യിൽ പഞ്ചായത്ത്തല ഉദ്ഘാടനം ജൂൺ അഞ്ചിന് നടക്കും. അരിമ്പ്ര നാറാന്തടത്ത് രാവിലെ 9 മണിക്ക് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിത്തിടൽ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന അധ്യക്ഷത വഹിക്കും. നാറാന്തടത്ത് അഞ്ച് ഏക്കറോളം സ്ഥലത്താണാണ് കരനെൽകൃഷി ചെയ്യുക.

date