Skip to main content
ഒലുപ്പൂക്കഴ കോടംകുളം റോഡ് ഉദ്ഘാടനം  മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത്  വലിയ കുതിച്ചുചാട്ടം :  മന്ത്രി ആർ ബിന്ദു

 

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനരംഗത്തുണ്ടായത് വലിയകുതിച്ചുചാട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.  റീബിൽഡ് കേരള ഇനീഷേറ്റീവിലൂടെയും കിഫ്ബിയിലൂടെയും റോഡുകൾ, പാലങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിലെത്തിക്കാനായെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ പൂമംഗലം പടിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ-കോടംകുളം റോഡ് പുനരുദ്ധാരണം നടത്തിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 50 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പുനരുദ്ധാരണം നടത്തിയത്.

റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക നയം അനുസരിച്ചാണ് നാലമ്പല ദർശനത്തിലെ  സുപ്രധാന കേന്ദ്രമായ പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലേക്കുള്ള  ഈ റോഡ് പ്രത്യേക പരിഗണന നൽകി പുനരുദ്ധരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 2340 മീറ്റർ നീളമുള്ള പ്രസ്തുത റോഡ് റീ ടാറിംങ്ങ് നടത്തുകയും പായമ്മൽ ക്ഷേത്രം പാർക്കിംങ്ങ് ഏരിയയിൽ നിലവിൽ വെള്ളം ഒഴുകി പോകാനുണ്ടായിരുന്ന 150 എം.എം വ്യാസമുള്ള പി.വി.സി പൈപ്പ് മാറ്റി 1/2 മീറ്റർ വ്യാസമുള്ള കോൺക്രീറ്റ് പൈപ്പാക്കി മാറ്റുകയും  അമ്പലത്തിന് മുന്നിൽ ഇന്റർ ലോക്ക് ടൈൽ വിരിക്കുകയും ഇരു വശങ്ങളിലും ഐറിഷ് ഡ്രൈൻ പണിയുകയും ചെയ്തു. 

പായമ്മൽ അയോദ്ധ്യാ ഹാളിൽ നടന്ന  ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ്ഘോഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വെള്ളാങ്ങല്ലൂർ എൽ.എസ്.ജി.ഡി സബ്ബ് ഡിവിഷൻ അസി.എക്സിക്യുട്ടീവ് എൻജിനീയർ ടി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജനി ടീച്ചർ, പൂമംഗലം പഞ്ചായത്ത് വാർഡ് മെമ്പർ ഹൃദ്യ അജിഷ്, പടിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ ടി വി വിപിൻ എന്നിവർ സംസാരിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി സ്വാഗതവും വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി.ഡി.ഒ ഷീബ നന്ദിയും പറഞ്ഞു.

date