Skip to main content
കോർപ്പറേഷൻ തല പരിസ്ഥിതിദിന പരിപാടി ശക്തൻ നഗറിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ , ഡെപ്യൂട്ടി മേയർ രാജ്യശ്രീ ഗോപൻ എന്നിവർ വൃക്ഷ തൈ നടുന്നു

ശുചിത്വ നാടിനായി ഹീല്‍ -ദൈ തൃശൂര്‍ ക്യാമ്പയിൻ; ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി ജില്ലാ കലക്ടറും 

 

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹീല്‍ -ദൈ തൃശൂര്‍- ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ (Heal-thy Thrissur) ഏറ്റെടുത്ത് ജില്ല. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജില്ലയൊട്ടാകെ സംഘടിപ്പിച്ച സമഗ്ര ശുചീകരണ യജ്ഞത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉൾപ്പെടെ പങ്കാളികളായി. 

അയ്യന്തോൾ സിവിൽ സ്റ്റേഷൻ പരിസരത്ത് പുല്ല് മൂടിക്കിടന്ന ഉദ്യാനം വൃത്തിയാക്കിയാണ് ജില്ലാ കലക്ടർ ക്യാമ്പയിനിന്റെ ഭാഗമായത്. സിവിൽ സ്റ്റേഷൻ ഉദ്യാനത്തിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങൾ കലക്ടറുടെ നേതൃത്വത്തിലുള്ള ഫ്ലഡ് ടീം, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ സംയുക്ത പ്രയത്നത്തിൽ വെട്ടിത്തെളിച്ച് വൃത്തിയാക്കി. 

ജില്ലയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്നതാണ് ഹീല്‍ ദൈ തൃശൂര്‍- ആരോഗ്യ സുരക്ഷാ ക്യാമ്പയിൻ.പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിലൂടെ തുടക്കം കുറിക്കുന്ന ക്യാമ്പയിന്‍ വിവിധ തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോവണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. 

ശക്തൻ സ്റ്റാന്റും പരിസരവും ശുചീകരിച്ച് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ കോർപ്പറേഷൻ തല ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. സ്റ്റാന്റ് പരിസരത്തുള്ള മാലിന്യങ്ങൾ നീക്കംചെയ്ത് ചെടികൾ നട്ടുപിടിപ്പിച്ച്  കോർപ്പറേഷൻ ക്യാമ്പയിന്റെ ഭാഗമായത്. 

മഴക്കാലംകൂടി വരുന്നതോടെ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊതുകുകളുടെ ഉറവിട നശീകരണം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയവയ്ക്ക് കൂടി ഊന്നല്‍ നല്‍കിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാനമായും കാരണമാകുന്ന കൊതുകുകള്‍, എലികള്‍, പെരുച്ചാഴികള്‍ തുടങ്ങിയവയെ തുരത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും ഹീൽ-ദൈ സുരക്ഷ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും സമാനമായി ശുചീകരണ യജ്ഞങ്ങൾ സംഘടിപ്പിച്ചു. 

കലക്ടറേറ്റിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ഹുസൂർ ശിരസ്തദാർ പ്രാൺസിംഗ്, ഫയർഫോഴ്സ് മേധാവി അരുൺ ഭാസ്കർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽകരീം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഫ്ലഡ് ടീമംഗങ്ങളായ അശ്വതി മുരളി, കിരൺ കിഷോർ, ശ്രീഭദ്ര എസ്, അരുൺലാൽ, അരുൺ കെ എസ്, ബിബിൻ, ജുവൽ ജിതേന്ദ്ര എന്നിവർ പങ്കെടുത്തു.

date