Skip to main content

വയോമിത്രം' പദ്ധതി സേവനം ഇനി പഞ്ചായത്തുകളിലും ആദ്യഘട്ടത്തില്‍ കൊണ്ടോട്ടിയില്‍

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും പ്രത്യേക ശ്രദ്ധ നല്‍കുന്ന വയോമിത്രം പദ്ധതിയുടെ സേവനം ഇനി പഞ്ചായത്തുകളിലും ലഭിക്കും. ആദ്യഘട്ടത്തില്‍ ജില്ലയില്‍ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലാണ് വയോമിത്രം പദ്ധതി നടപ്പാക്കുന്നത്.ഘട്ടം ഘട്ടമായി മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന്  സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.ടി നൗഫല്‍ പറഞ്ഞു. 2011 മുതല്‍ ആരംഭിച്ച പദ്ധതി നിലവില്‍ നഗരസഭകളില്‍ മാത്രമാണുള്ളത്. ജില്ലയിലെ 12 നഗരസഭകളിലും വയോമിത്രം സേവനം ലഭ്യമാണ്.  സംസ്ഥാനത്ത് വയോജന നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ പരിപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്ന പദ്ധതിയാണ് വയോമിത്രം. 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കാവശ്യമായ മരുന്നുകള്‍, കൗണ്‍സിലിങ് , വൈദ്യ സഹായം എന്നീ സേവനങ്ങള്‍ വയോമിത്രത്തിലൂടെ സൗജന്യമായി ലഭിക്കും.എ.പിഎല്‍, ബി.പി.എല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ 65 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വയോമിത്രം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. രണ്ടാഴ്ച്ച ഇടവിട്ട് കൃത്യസമയങ്ങളില്‍ വാര്‍ഡുകളിലെ പൊതു സ്ഥലങ്ങളായ അങ്കണവാടികള്‍, സ്‌കൂളുകള്‍, വായനശാലകള്‍, എന്നിവിടങ്ങളില്‍ ഡോക്ടമാര്‍ രോഗികളെ പരിശോധിക്കും. ഇന്‍സുലിന്‍ അടക്കമുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുകയും ചെയ്യും. ജില്ലയിലെ നഗരസഭകളില്‍ വയോമിത്രം പദ്ധതി മികച്ച നിലയിലാണ് നടപ്പാക്കുന്നത്. ജില്ലയിലാകെ 41800 വയോധികര്‍ക്ക്  വയോമിത്രം പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ട്.
 

date