Skip to main content

ഇടശ്ശേരി സ്മരണ നിലനിര്‍ത്താന്‍ പ്രതീക്ഷാഭവനില്‍ സ്മൃതി വനം ഒരുങ്ങുന്നു മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും

മലയാളത്തിന്റെ പ്രിയ കവിയും നാടകകൃത്തുമായ ഇടശ്ശേരി ഗോവിന്ദന്‍നായരുടെ സ്മരണക്കായി തവനൂര്‍ പ്രതീക്ഷാഭവനില്‍ ലോകപരിസ്ഥിതി ദിനത്തില്‍ സ്മൃതി വനം ഒരുക്കുന്നു. കൂട്ടുകൃഷിയും കാവിലെപ്പാട്ടും പൂതപ്പാട്ടും മലയാളത്തിന് സമ്മാനിച്ച ഇടശ്ശേരിക്കുള്ള സമര്‍പ്പണമായാണ് പ്രതീക്ഷാഭവനിലെ മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ചേര്‍ന്ന് സ്മൃതി വനം ഒരുക്കുന്നത്. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, തവനൂര്‍ ഗ്രാമ പഞ്ചായത്ത്, തവനൂര്‍ പ്രതീക്ഷാഭവന്‍, എച്ച്.എല്‍.എഫ്.പി.പി.ടി എന്നിവയുടെ ആഭിമുഖ്യത്തില്‍ തവനൂര്‍ പ്രതീക്ഷാഭവന്‍ കോമ്പോണ്ടില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കും. പരിസ്ഥിതി ദിനാചരണവും ഇടശ്ശേരി സ്മൃതി വന തൈ നടീലും രാവിലെ ഒന്‍പതിന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അധ്യക്ഷനാകും. കരനെല്‍കൃഷിയെ പ്രതീക്ഷാഭവനിലെ താമസക്കാര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നവര നെല്‍വിത്ത് പാകല്‍
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണനും ഫലവൃക്ഷ തോട്ട നിര്‍മാണം സി.പിനസീറയും നിര്‍വഹിക്കും. എടപ്പാളിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സമന്വയയുടെ നേതൃത്വത്തില്‍ 'ഹരിതാഭമാക്കണം ഈ നാടിനെ' എന്ന പേരില്‍ കലാപരിപാടികളും അരങ്ങേറുമെന്ന്  പ്രതീക്ഷാഭവന്‍ സൂപ്രണ്ട് ബി.മോഹനന്‍ പറഞ്ഞു.
 

date