Skip to main content

കൊണ്ടോട്ടി ബ്ലോക്ക് 'കുളിര്‍മ' പദ്ധതിയ്ക്ക് ഇന്ന് തുടക്കമാകും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 'കുളിര്‍മ' പദ്ധതിക്ക് ഇന്ന് (ജൂണ്‍ അഞ്ച് ) തുടക്കമാകും. വാഴയൂര്‍ പഞ്ചായത്തിലെ സാഫി കോളജ് അങ്കണത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഫലവൃക്ഷ തൈകള്‍ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പരിധിയിലെ പ്രദേശങ്ങളെ 2027 ഓടെ കാര്‍ബണ്‍ ന്യൂട്രലാക്കാന്‍ ലക്ഷ്യമിട്ടാണ്  ലോക പരിസ്ഥിതി ദിനത്തില്‍ കുളിര്‍മ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് ആദ്യമായണ് ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് കൗണ്‍സിലര്‍ വി.പി അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. മുതുവല്ലൂര്‍ വാഴക്കാട് പഞ്ചായത്തുകളില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ, ചെറുകാവ് ഗ്രാമ പഞ്ചായത്തില്‍ പി അബ്ദുല്‍ഹമീദ് എം.എല്‍.എ, മറ്റ് പഞ്ചായത്തുകളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ ചേലേമ്പ്ര പഞ്ചായത്തുകളില്‍ നടപ്പാക്കിവരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഓര്‍മ്മ മരം പദ്ധതിക്കാവശ്യമായ തൈകള്‍ ബ്ലോക്ക് പഞ്ചായത്തിന് കുളിര്‍മ പദ്ധതിയിലുള്‍പ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും നടക്കും.

 അന്തരീക്ഷത്തിലേയ്ക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമാനുഗതമായി കുറച്ച് അന്തരീക്ഷം ആഗിരണം ചെയ്യപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവുമായി തുലനപ്പെടുത്തി വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ ന്യൂടലായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. പച്ചപ്പുകളും, പച്ചതുരുത്തുകളും ചെറുവനങ്ങളും വച്ചു പിടിപ്പിക്കുന്നതു വഴി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇപ്പോള്‍ ഉള്ളതിലധികം പച്ചപ്പ് സൃഷ്ടി ക്കാന്‍ കഴിയുന്ന തരത്തില്‍ വനവല്‍ക്കരണ വൃക്ഷപരിപാലന പ്രവര്‍ത്തനങ്ങള്‍ ആദ്യ പടിയായി ആരംഭിക്കും. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ്  പഞ്ചായത്തുകളിലെ 131 വാര്‍ഡുകളിലും 10 വീതം പ്ലോട്ടുകള്‍ കണ്ടെത്തി ഒരോന്നിലും കുറഞ്ഞത് 10 മരങ്ങള്‍ വീതം നട്ട് പച്ചതുരുത്തുകളുണ്ടാക്കും. ഓരോ വാര്‍ഡിലും നൂറില്‍ കുറയാത്ത വൃക്ഷങ്ങള്‍ വളരുന്നുവെന്ന് ഉറപ്പാക്കും. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കൃഷി വകുപ്പ്, സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥല ഉടമകള്‍. സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും പദ്ധതിയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കും. ബ്ലോക്ക് പരിധിയിലെ 300ലധികം യുവജന ക്ലബുകളുടെ സഹായവും പങ്കാളിത്തവും യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ മുഖേന ഉറപ്പാക്കും. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കും.
 

date