മലയാള കവിതയിൽ പുതുവഴി വെട്ടിയ കവിയാണ് എൻ. എൻ കക്കാട് - എം. ബി രാജേഷ്
മലയാള കവിതയിൽ പുതുവഴി വെട്ടിയ കവിയാണ് എൻ. എൻ കക്കാട് എന്ന് നിയമസഭ സ്പീക്കർ എം.ബി രാജേഷ്. കേരള സാഹിത്യ അക്കാദമിയും എൻ.എൻ കക്കാട് വായനശാലയും സംയുക്തമായി നടത്തിയ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കക്കാടിനെ ഓർമിക്കുകയെന്നാൽ ഒരു കാലത്തെ ഓർക്കുന്നു എന്നാണ് അർത്ഥം. മലയാള കവിതയുടെ ദിശാപരിണാമത്തിൽ പ്രധാന പങ്കാണ് അദ്ദേഹത്തിനുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ജീവിതങ്ങളിലെ അസംതൃപ്തികളെയാണ് കക്കാട് കവിതകളിൽ പ്രധാനമായും കാണാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അവിടനല്ലൂർ ആമയാട്ട് വയൽ എൻ.എൻ കക്കാട് സ്മാരക പരിസരത്ത് നടന്ന ചടങ്ങിൽ കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു. എൻ.എൻ കക്കാടും മലയാള കവിതയിലെ ആധുനികതയും എന്ന വിഷയത്തിലാണ് സെമിനാർ നടത്തിയത്. സാഹിത്യമേഖലയിലെ പ്രമുഖർ പങ്കെടുത്ത കവിസമ്മേളനവും ചർച്ചയും നടന്നു.
അഡ്വ. കെ. എം സച്ചിൻദേവ് എം.എൽ.എ, എൻ.എൻ കക്കാടിന്റെ മകൻ ശ്യാം കക്കാട് എന്നിവർ മുഖ്യാതിഥികളായി. 'കക്കാടിന്റെ ആധുനികത, എലിയറ്റിന്റെയും' എന്ന വിഷയത്തിൽ സാഹിത്യകാരൻ കെ.വി സജയ് പ്രഭാഷണം നടത്തി.
മുൻ എം.എൽഎ പുരുഷൻ കടലുണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം നഫീസ വഴുതിനപ്പറ്റ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. ഷൈൻ, എം.കെ വിലാസിനി, ജനപ്രതിനിധികൾ, ഗ്രന്ഥശാലാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ സ്വാഗതവും എൻ.എൻ കക്കാട് വായനശാല സെക്രട്ടറി കെ സജിൻരാജ് നന്ദിയും പറഞ്ഞു.
- Log in to post comments