കിളിമാനൂരില്‍ കാര്‍ഷിക സേവന കേന്ദ്രത്തിനു തുടക്കമായി
* മന്ത്രി വി .എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
കൃഷി വ്യാപിപ്പിക്കുന്നതിനും കര്‍ഷകരെ സഹായിക്കുന്നതിനുമായി കിളിമാനൂര്‍ ബ്ലോക്കില്‍ കാര്‍ഷിക സേവന കേന്ദ്രം നിലവില്‍ വന്നു. ബ്ലോക്ക് ഓഫീസ് ഹാളില്‍ ബി. സത്യന് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെ കൃഷിയിടങ്ങളില്‍ കുറഞ്ഞ നിരക്കില്‍ യന്ത്രങ്ങളുടെ സേവനം എത്തിക്കുക,ശാസ്ത്രീയ കൃഷി രീതി പരിചയപ്പെടുത്തുക, ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിച്ച് കൃഷി ആദായകാരമാക്കുക, ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പുവരുത്തുക, താഴെ തട്ടിലെ കൃഷിക്കാര്‍ക്ക് കൂടി അടിസ്ഥാന സൗകര്യം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ഇത്തരത്തിലുള്ള കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
കാര്‍ഷിക കാര്മ്മസേനാംഗങ്ങള്ക്കുള്ള യൂണിഫോം എ സമ്പത്ത് എം പി വിതരണം ചെയ്തു. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളും കൃഷിഭവനുകളും കാര്‍ഷിക പ്രദര്‍ശന വിപണന സ്റ്റാളുകളും ഒരുക്കിയിരുന്നു. നഗരൂര്‍ ഗ്രാമപഞ്ചായത്തിന്റെ അലങ്കാര മത്സ്യ പ്രദര്‍ശനവും വില്‍പ്പനയും കൗതുകമായി. ഗോള്‍ഡന്‍ ഫിഷ്, ഏഞ്ചല്‍ ഫിഷ്, ജയന്റ് ഗൗരാമി, രോഹു,അരൗണ എന്നിവ കാഴ്ചക്കാരെ ആകര്‍ഷിച്ചു. കരവാരം ഗ്രാമപഞ്ചായത്തിന്റെ വിള ആരോഗ്യ കേന്ദ്രം ജൈവവളം, ജൈവ വളര്‍ച്ചാ ത്വരകങ്ങള്‍, വിവിധ രോഗങ്ങള്‍ ബാധിച്ച സസ്യങ്ങളുടെ സ്പെസിമെനുകള് എന്നിവ പരിചയപ്പെടുത്തി. പുളിമാത്ത് ഗ്രാമപഞ്ചായത്തിന്റെ സ്റ്റാളില്‍ വിവിധയിനം ജൈവ പച്ചക്കറികളും തൈകളും വില്‍പ്പനയ്ക്കായി ഒരുക്കിയിരുന്നു. കിളിമാനൂര്‍ കൃഷിഭവനില്‍ നിന്നും പീനട്ട് ബട്ടര്‍ ഫ്രൂട്ട്, വിവിധയിനം സ്ക്വാഷുകള്‍, കരിങ്കോഴിയുടെ മുട്ടകള്‍ എന്നിവയും വില്‍പ്പനയ്ക്കെത്തി. ചക്ക വിഭവങ്ങളുടെ പലതരം രുചിക്കൂട്ടുമായി കുടുംബശ്രീയും ആത്മ ഗ്രൂപ്പുമുണ്ടായിരുന്നു. മടവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാടന്‍ മുട്ടകളും കാടമുട്ടകളും വില്‍പ്പനക്കെത്തിച്ചിരുന്നു. കൂടാതെ തുണി സഞ്ചികള്‍, കുടകള്‍, കൂണുകള്‍, കൂണ് വിഭവങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി.
(പിആര്‍പി 1833/2018)
- Log in to post comments