Skip to main content

എല്ലാ ഗ്രാമ സഭകളിലും വൈദ്യുതി ജീവനക്കാരുടെ ബോധവത്കരണ ക്ലാസ്.

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വൈദ്യുതി ജിവനക്കാര്‍ നടത്തുന്ന ബോധവത്കരണ ക്ലാസുകള്‍ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും നടത്തിയെന്ന് ഉറപ്പാക്കുന്നതിന് വൈദ്യുതി അപകട ദുരന്തനിവാരണ സമിതി തീരുമാനിച്ചു. ഗ്രാമസഭകള്‍ കേന്ദ്രീകരിച്ചാണ് ക്ലാസുകള്‍ നടത്തുന്നത്. സമിതിയുടെ കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ടി.വിജയന്‍ അധ്യക്ഷത വഹിച്ചു.
2016 മാര്‍ച്ച് മുതല്‍ ഇതുവരെയുള്ള സമയങ്ങളിലായി വൈദ്യതിയാഘാതമേറ്റു ജില്ലയില്‍ 13 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി യോഗം വിലയിരുത്തി. വൈദ്യുതി ഉപയോഗത്തില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടത്ര അവബോധമില്ലാത്തതാണ് അപകടത്തിന് കാരണമായി ചൂണ്ടികാണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഗ്രാമ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വൈദ്യതി ബോഡ് നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചത്. വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യതീകരണ പ്രവര്‍ത്തികള്‍ നടത്തുമ്പോള്‍ ലൈസന്‍സുള്ള വയറിംഗ് ജോലിക്കാരെ ഉപയോഗിക്കണം. ഇത്തരം ആളുകളുടെ വിശദാംശങ്ങള്‍  കെ.എസ്.ഇ.ബി. ഓഫിസുകളില്‍ ലഭ്യമാണ്. വൈദ്യുതീകരണ പ്രവര്‍ത്തികള്‍ പലരും നടത്തുന്നത് ഗുണനിലവാരം കുറഞ്ഞ കേബിളുകള്‍ ഉപയോഗിച്ചാണ് എന്നതും അപകടത്തിനു കാരണമാവുന്നുണ്ട്. വൈദ്യുതി ലൈനുകള്‍ക്ക് സമീപം അനധിക്യത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളുടെ വിശദാംശങ്ങള്‍ അടുത്ത സമിതി യോഗത്തില്‍ ലഭ്യമാക്കാന്‍ എ.ഡി.എം നിര്‍ദേശിച്ചു. വൈദ്യുതിക്കാലുകള്‍ അനധിക്യത പരസ്യത്തിനു ഉപയോഗിക്കുന്നവര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കുന്ന വകുപ്പ് ചുമത്തി കേസ്സെടുക്കും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ കെ.എസ്.ഇ.ബി.ഡപ്യുട്ടി ചീഫ് എഞ്ചിനീയര്‍മാരായ ലിനി.കെ.ടി. (നിലമ്പൂര്‍) ഷൈല എ. (മലപ്പുറം) ധര്‍മ്മരാജന്‍.കെ. (പൊന്നാനി) എന്നിവര്‍ പങ്കെടുത്തു.

date