Skip to main content

വനിതകള്‍ക്ക് സ്വയം തൊഴില്‍;  കറവപ്പശു നല്‍കും  

വനിതകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായി 50 ശതമാനം സബ്‌സിഡി നിരക്കില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് കറവപ്പശു നല്‍കുന്നു. അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.  പരമാവധി 2,75,000 രൂപയാണ് നല്‍കുന്നത്.  ഇതില്‍ 50 ശതമാനം തുക പഞ്ചായത്ത് സബ്‌സിഡിയായി നല്‍കും. ബാക്കി തുക ഗുണഭോക്താവ് വഹിക്കണം. പദ്ധതിയുടെ ഭാഗമായി പശു വാങ്ങാന്‍ ആഗ്രഹിക്കുന്ന വനിത ഗ്രൂപ്പുകള്‍ ബാങ്ക് ലോണ്‍ ലഭിക്കാന്‍ അര്‍ഹരാണെന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തളകുമാരി പറഞ്ഞു.  50 ശതമാനം സബ്‌സിഡി കഴിച്ചുള്ള മുഴുവന്‍ തുകയും വായ്പയായി അനുവദിക്കും.  ഈ വര്‍ഷം 23 ഗ്രൂപ്പുകള്‍ക്ക്  തുക അനുവദിക്കും.  

 വനിതകള്‍ക്ക് സ്വയം തൊഴില്‍ നല്‍കുക എന്ന ആശയവുമായി 2017-18 സാമ്പത്തികവര്‍ഷം ആരംഭിച്ചതാണ് ഈ പദ്ധതി.  32 ഗ്രൂപ്പുകളാണ് കഴിഞ്ഞ തവണ പദ്ധതിയുടെ ഭാഗമായി കറവപ്പശു വാങ്ങിയത്.  പദ്ധതി വിജയമായതു കൊണ്ടുതന്നെ ഈ വര്‍ഷം തുടര്‍പദ്ധതിയായി അവതരിപ്പിക്കുകയായിരുന്നു. ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന പട്ടിക പ്രകാരമാകും തുക അനുവദിക്കുക.  പശുക്കള്‍ക്ക് നല്‍കുന്നതിനായി കാല്‍സ്യം പൊടി, വിറ്റാമിന്‍, വിര മരുന്ന് ഉള്‍പ്പടെയുള്ളവ സൗജന്യമായി നല്‍കും. ഗ്രൂപ്പുകള്‍ ഉത്പാദിപ്പിക്കുന്ന പാല്‍ ഗുണനിലവാര പരിശോധന നടത്തി ബ്ലോക്കിന് കീഴിലുള്ള ക്ഷീര സംഘങ്ങളില്‍ വില്‍ക്കാനുള്ള സൗകര്യവുമുണ്ട്.  
(പിആര്‍പി 1849/2018)

date