Skip to main content

അരുണ്‍ തോമസിന് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക് ധീരതാ പുരസ്കാരം സമ്മാനിച്ചു 

ആലപ്പുഴ: വെള്ളത്തില്‍ മുങ്ങിത്താണ രണ്ടു പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കൈനകരി സ്വദേശി അരുണ്‍ തോമസിന് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതക് ധീരതാ പുരസ്കാരം സമ്മാനിച്ചു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജാണ് പുരസ്കാരം നല്‍കിയത്. 2019 ഏപ്രില്‍ 18നാണ് കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്‍റെ ഭാര്യ കൃഷ്ണ പ്രിയയെയും മൂന്നു വയസ്സുള്ള മകള്‍ അപര്‍ണികയെയും 16കാരനായ അരുണ്‍ തോമസ് രക്ഷിച്ചത്. 

തോടിന്‍റെ സംരക്ഷണ ഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും കുട്ടിയും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ അനുപ്രിയയുടെ കരച്ചില്‍ കേട്ടാണ് വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ അരുണ്‍ ഓടിയെത്തി ഇരുവരെയും സുരക്ഷിതമായി കരയിലെത്തിച്ചത്. 

കൈനകരി കൈതാരത്തില്‍ തോമസ് ജോസഫിന്‍റെയും മറിയത്തിന്‍റെയും മകനാണ് ഈ വര്‍ഷം പത്താം ക്ലാസ് വിജയിച്ച അരുണ്‍. കിരണ്‍, ആഷ്ലി എന്നിവര്‍ സഹോദരങ്ങളാണ്.

date