Skip to main content

ദിശ അവലോകനയോഗം: രാജീവ് ഗാന്ധി കുടിവെള്ള പദ്ധതികളില്‍ മികച്ച പുരോഗതി; തൊഴിലുറപ്പു പദ്ധതിയില്‍ കേന്ദ്ര കുടിശ്ശിക 14.51 കോടി

    വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുകയായിരുന്ന രാജീവ് ഗാന്ധി ദേശീയ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതില്‍ ജില്ലയില്‍ നല്ല പുരോഗതിയുണ്ടായതായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം വിലയിരുത്തി. പദ്ധതിക്കുവേണ്ടി 10 വര്‍ഷം മുമ്പ് ജില്ലയ്ക്കായി അനുവദിച്ച 521,27,014 രൂപയില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ കുടിവെള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കാനായുള്ളൂ എന്നത് കഴിഞ്ഞ ദിശ യോഗത്തില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. 
    പദ്ധതിയിലുള്‍പ്പെടുത്തി കൂത്തുപറമ്പ്, മാടായി, പേരാവൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, നടുവില്‍ എന്നിവിടങ്ങളിലെ വിവിധ പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ 14 കുടിവെള്ള പദ്ധതികള്‍ പുരോഗമിച്ചുവരുന്നതായി എ.ഡി.സി ജനറല്‍ പി എം രാജീവ് യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുകൂടാതെ 62 പുതിയ പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരുമാസത്തിനകം പദ്ധതികളുടെ നടപടിക്രമങ്ങള്‍ ആരംഭിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ പുരോഗതിയില്‍ എം.പി സംതൃപ്തി രേഖപ്പെടുത്തി. 
    മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ അവിദഗ്ധ തൊഴിലാളികളുടെ കൂലിയിനത്തില്‍ ജില്ലയ്ക്ക് 9.89 കോടി രൂപയും സാധന സാമഗ്രികള്‍ വാങ്ങിയ ഇനത്തില്‍ 4.62 കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടാനുണ്ടെന്ന് പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍ യോഗത്തെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. 
    പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ)യില്‍ ജില്ലയില്‍ അനുവദിച്ചിട്ടുള്ള റോഡുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേരാന്‍ എം.പി നിര്‍ദ്ദേശം നല്‍കി. പദ്ധതിപ്രകാരം നിര്‍മിച്ച റോഡുകളുടെ സംരക്ഷണം അഞ്ച് വര്‍ഷത്തേക്ക് ഉറപ്പുവരുത്തേണ്ട ബാധ്യത കരാറുകാര്‍ക്കാണ്. അറ്റകുറ്റപ്പണികളുടെ പുരോഗതിയും യോഗം വിലയിരുത്തും. പദ്ധതികളുമായി ബന്ധപ്പെട്ട എഞ്ചിനീയര്‍മാര്‍, കരാറുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.  കേന്ദ്ര റോഡ് ഫണ്ട് ബോര്‍ഡിന്റെ കീഴിലുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിനും പ്രത്യേക യോഗം വിളിക്കും. 
    ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനുള്ള 36.4 കോടിരൂപയുടെ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന പ്രകാരം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ എസ്റ്റിമേറ്റ് തുകയില്‍ മാറ്റമില്ലാതെ വരുത്തിയ ഭേദഗതിക്ക് ദിശയോഗം അംഗീകാരം നല്‍കി. ഉപ്പാലവളപ്പ്, മരക്കാര്‍കണ്ടി പ്രദേശങ്ങളില്‍ കക്കൂസുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള പദ്ധതി കോര്‍പറേഷനുമായി സഹകരിച്ച് പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കാന്‍ ശുചിത്വമിഷന് എം.പി നിര്‍ദ്ദേശം നല്‍കി. ഇതിനാവശ്യമായ 14,25000 രൂപയില്‍ പകുതി തുക കോര്‍പറേഷന് കൈമാറിയതായി ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിധിയിലെ ഭവനരഹിതര്‍ക്കായി പാര്‍പ്പിടകേന്ദ്രം നിര്‍മിച്ചുനല്‍കുന്നതിന് അനുവദിച്ച അഞ്ച് കോടിയുടെ പദ്ധതിയില്‍ ഇതിനകം ലഭ്യമായ രണ്ട് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിന് നിര്‍മിതി കേന്ദ്രയുമായി കരാറില്‍ ഒപ്പുവയ്ക്കുന്ന നടപടി വേഗത്തിലാക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. 
    ഗ്രാമങ്ങളില്‍ നടപ്പാക്കുന്ന കേന്ദ്രഭവന പദ്ധതിയായ പി.എം.ജി.വൈ (ഗ്രാമീണ്‍)യിലേക്ക് നിലവില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ മാത്രമാണ് നിര്‍ദേശമെന്നും കേരളത്തിന് ഇതുവരെ പദ്ധതി ലക്ഷ്യം അനുവദിച്ചുനല്‍കിയിട്ടില്ലെന്നും പി.എ.യു പ്രൊജക്ട് ഡയരക്ടര്‍ അറിയിച്ചു. കേരളത്തിന് പദ്ധതിയില്‍ ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. 
    ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ ശ്രീമതി ടീച്ചര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, ടി.ടി റംല, സെക്രട്ടറി വി ചന്ദ്രന്‍, പി.എ.യു പ്രൊജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

date