Skip to main content
കളക്ടർ പദവിയിൽ നിന്ന് ജാഫർ മാലിക് പടിയിറങ്ങി

ജാഫർ മാലിക്കിന്  സ്നേഹനിർഭരമായ യാത്രയയപ്പ്

      കഴിഞ്ഞ ഒരു വർഷമായി
എറണാകുളം ജില്ല നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് കളക്ടർ പദവിയിൽ നിന്ന് ജാഫർ മാലിക് പടിയിറങ്ങി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്.

പരസ്പര ബഹുമാനത്തോടെയും ആത്മ വിശ്വാസത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യം  ഉദ്യോഗസ്ഥർക്ക് നൽകണമെന്നതായിരുന്നു തൻ്റെ നിലപാട് എന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം  പറഞ്ഞു. ഓരോ ഉദ്യോഗസ്ഥരും മനുഷ്യനാണെന്ന പരിഗണന നൽകാൻ  മേലുദ്യോഗസ്ഥർക്കു സാധിക്കണം. ഓരോ ജീവനക്കാരന്റെയും ആത്മാഭിമാനത്തെ പരിഗണിക്കേണ്ടതുണ്ട്. സഹപ്രവർത്തകർക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അനാവശ്യമായ ഇടപെടൽ ഒഴിവാക്കണമെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം ഉണ്ടെന്ന് വിശ്വാസം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫയൽ തീർപ്പാക്കൽ നടത്തി യാത്രയയപ്പ് ഒരുക്കിയ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി പറഞ്ഞു.  ജില്ലാ കളക്ടറായിരുന്ന ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ സ്ലൈഡ് ഷോ ചടങ്ങിൽ പ്രദർശിപ്പിച്ചു.

പുതിയ ജില്ലാ കളക്ടർ ഡോ. രേണു രാജിന് സ്വീകരണവും നൽകി. എറണാകുളത്തെ പ്രഗത്ഭരായ ടീമിനൊപ്പം പ്രവർത്തിക്കാൻ ലഭിക്കുന്ന അവസരത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ജില്ലാ കളക്ടർ രേണു രാജ് പറഞ്ഞു. 

എഡിഎം എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. സബ് കളക്ടർ പി. വിഷ്ണുരാജ്,  എച്ച് എസ് ജോർജ് ജോസഫ്, ഡെപ്യൂട്ടി കളക്ടർമാരായ അനിൽ കുമാർ, ഉഷ ബിന്ദുമോൾ, ജെസ്സി ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ തുടങ്ങിയവർ  പ്രസംഗിച്ചു 

date