Skip to main content

സര്‍ക്കാര്‍ ആശുപത്രികൾ കൂടുതല്‍ രോഗീസൗഹൃദമാക്കും: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികൾ കൂടുതല്‍ രോഗീസൗഹൃദമാക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ മേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമിടുന്ന ആര്‍ദ്രം പദ്ധതി ഊര്‍ജ്ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളേജുകളില്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി സേവനങ്ങളും വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് എച്ച്.ഡി.യൂണിറ്റ്, നെടുമങ്ങാട് നഗരസഭയിലെ ഇന്റഗ്രേറ്റഡ് ആയുഷ് മെഡിക്കല്‍ യൂണിറ്റ്, വനിതാ ഹോസ്റ്റല്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. അലോപ്പതിക്കൊപ്പം ആയുഷ് മേഖലയ്ക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇ.സി.ആര്‍.പി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 39 ലക്ഷം രൂപ ചെലവിലാണ് കുട്ടികള്‍ക്കായി അത്യാധുനിക സംവിധാനത്തോടുകൂടിയ പീഡിയാട്രിക് എച്ച്.ഡി.യു (ഹൈ ഡിപന്‍ഡന്‍സി യൂണിറ്റ്) സ്ഥാപിച്ചത്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇവിടെ ചികിത്സ ഒരുക്കുന്നത്. ഹെപ്പാഫില്‍റ്റര്‍ അടങ്ങിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അണുനശീകരണമാണ് എച്ച്.ഡി.യുവില്‍ ഒരുക്കിയിട്ടുളളത്. തീവ്രപരിചരണം ആവശ്യമുളളതും മെഡിക്കല്‍ കോളേജിലേക്ക് അയക്കേണ്ടി വരുന്നതുമായ കുഞ്ഞുങ്ങളെ ഒരു പരിധി വരെ റഫര്‍ ചെയ്യാതെ എച്ച്.ഡി.യു സംവിധാനത്തില്‍ പരിചരിക്കാന്‍ സാധിക്കും. നിലവില്‍ 12 ബെഡുകളാണ് എച്ച്.ഡി.യുവില്‍ സജ്ജീകരിച്ചിട്ടുള്ളത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ്. ശ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

ആയുഷ് മിഷന് കീഴിലാണ് നെടുമങ്ങാട് നഗരസഭയിലെ ഇന്റഗ്രേറ്റഡ് മെഡിക്കല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുക.ആയുര്‍വേദം, സിദ്ധ, ഹോമിയോപ്പതി, യോഗ, നാച്യുറോപ്പതി തുടങ്ങി വിവിധ ചികിത്സകള്‍ പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ ലഭ്യമാകും. രാവിലെ 9 മണിമുതല്‍ വൈകിട്ട് 3 മണിവരെ വിവിധ വിഭാഗങ്ങളില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. നെടുമങ്ങാട് കരുപ്പൂര് ഉഴപ്പാക്കോണത്താണ് ആരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഉഴപ്പാക്കോണത്ത് നടന്ന ചടങ്ങില്‍ മന്ത്രി ജി .ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് നഗരസഭചെയര്‍പേഴ്‌സണ്‍ സി എസ് ശ്രീജ, വൈസ് പ്രസിഡന്റ് എസ് രവീന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുത്തു.

നെടുമങ്ങാട് നഗരസഭയുടെ വനിതാ ഹോസ്റ്റലിന്റെ അനാശ്ചാദനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി .ആര്‍. അനില്‍ നിര്‍വ്വഹിച്ചു. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായ രീതിയില്‍ മുന്നോട്ട്  പോവുകയാണെന്ന് മന്ത്രി പറഞ്ഞു.  ജനങ്ങളുടെ ആവശ്യങ്ങള്‍ വിവിധ ഘട്ടങ്ങളായി പൂര്‍ത്തിയാക്കും. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ അനുയോജ്യമായ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നഗരസഭയുടെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. 5,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ ഏഴ് മുറികള്‍, ഒരു ഡോര്‍മെറ്ററി, അടുക്കള, ഡൈനിംഗ് ഏരിയ, ഓഫീസ് റൂം എന്നിവയാണുള്ളത്. വിദൂര സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഈ സൗകര്യം ഏറെ പ്രയോജനകരമാകും.

date