Skip to main content

സംസ്ഥാനത്ത് സമ്പൂര്‍ണ റവന്യൂ സാക്ഷരത ഉറപ്പാക്കും : മന്ത്രി കെ. രാജന്‍

*പൂവാര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
* 30 പട്ടയങ്ങള്‍ വിതരണം ചെയ്തു

സംസ്ഥാനത്ത് സമ്പൂര്‍ണ റവന്യൂ സാക്ഷരത ഉറപ്പാക്കുമെന്ന്റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. വില്ലേജ് ഓഫീസുകളിലെ സേവനങ്ങള്‍ എന്തെല്ലാമാണെന്നും അവ ലഭിക്കാന്‍ എങ്ങനെ അപേക്ഷിക്കണമെന്നുമുള്ള കാര്യങ്ങളില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ബോധവത്കരണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്കിലെ പൂവാര്‍ വില്ലേജ് ഓഫീസ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടമായി നിര്‍മ്മിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തീരദേശജനതയ്ക്ക് പട്ടയങ്ങള്‍ ലഭ്യമാക്കാന്‍ തീവ്രമായി ശ്രമിക്കും. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഏകീകൃത തണ്ടപ്പേര്‍ നിലവില്‍ വരുന്നത്തോടെ അനധികൃതമായി കൈവശം വച്ചിരിക്കുന്ന വസ്തുക്കള്‍ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ സാധിക്കും. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എല്ലാ സേവനങ്ങളും സുതാര്യമായിട്ടുണ്ട്. ഘട്ടം ഘട്ടമായി നെയ്യാറ്റിന്‍കര താലൂക്കിലെ ബാക്കിയുള്ള വില്ലേജ് ഓഫീസുകളും സ്മാര്‍ട്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്കിലെ ഭൂരഹിതരായ 30 പേര്‍ക്കുള്ള പട്ടയങ്ങളും മന്ത്രി വിതരണം ചെയ്തു.

അരുമാനൂര്‍ എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം. വിന്‍സെന്റ് എം. എല്‍. എ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെന്‍ഡാര്‍വിന്‍, പൂവാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറന്‍സ്, ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജെ.അനില്‍ജോസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date