Skip to main content

മൂന്നു വർഷത്തിനുള്ളിൽ 70 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും : മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്ത് മൂന്നു വർഷത്തിനുള്ളിൽ  70 ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.  കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും  എല്ലാ മേഖലയിലുമുള്ള സമഗ്രമായ പുരോഗമനം  നാടിൻറെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.  ആനാട്-നന്ദിയോട് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2025 ൽ തീരപ്രദേശത്തുള്ളവരുടെ കുടിവെള്ള പ്രശ്നവും പരിഹരിക്കപ്പെടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ആനാട്-നന്ദിയോട് കുടിവെള്ള പദ്ധതി പൂർത്തിയാകുമ്പോൾ 25,000 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാകും.  ആനാട് ഗ്രാമ പഞ്ചായത്തിലെ മാത്രം 8000 കുടുംബങ്ങൾ ഗുണഭോക്താക്കളാകും. 66 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ 44.5 കോടി രൂപ ആനാട് ഗ്രാമ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ആനാട് ഗ്രാമപഞ്ചായത്തിൽ പദ്ധതിക്ക് വേണ്ടിയുള്ള രണ്ട് കുടിവെള്ള ടാങ്കുകളുടെ  നിർമാണം ആരംഭിച്ചു.  "ഏല്ലാവർക്കും ശുദ്ധജലം " എന്ന സർക്കാർ സ്വപ്നമാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്.               

ആനാട് കൂപ്പ് ജംഗ്ഷനിൽ നടന്ന പരിപാടിയിൽ ഡി.കെ.മുരളി എം. എൽ. എ അധ്യക്ഷനായിരുന്നു.  ആനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ,  വൈസ് പ്രസിഡന്റ് ജി. അനിൽകുമാർ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ  തുടങ്ങിയവരും പങ്കെടുത്തു.

date