Skip to main content

അമ്പൂരി കുടുംബക്ഷേമ ഉപകേന്ദ്രത്തെ ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററായി ഉയർത്തും : മന്ത്രി വീണ ജോർജ്

ആദിവാസി സമൂഹത്തിനു ഏറെ ഉപകാരപ്രദമാകുന്ന അമ്പൂരി  കുടുംബക്ഷേമ ഉപകേന്ദ്രത്തെ ഉടൻ  ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററായി ഉയർത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.   പകൽ മുഴുവൻ ഒരു സർവീസ് പ്രൊവൈഡറിന്റെയും സ്റ്റാഫ്‌ നഴ്സിന്റെയും സേവനം ഇവിടെ ലഭ്യമാകും.  ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകള്‍, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ പ്രാഥമിക ചികിത്സ ഉറപ്പാക്കാനുമാകും. ഇതോടെ വലിയ സേവനങ്ങളാണ് ലഭ്യമാകാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

പെരുങ്കടവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണ ഉദ്ഘാടനവും അമ്പൂരി കുടുംബ ക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിൻെറ ഉദ്ഘാടനവും  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റു രാജ്യങ്ങളെ  അപേക്ഷിച്ച് ആരോഗ്യസൂചികകളിൽ  മുൻനിരയിലാണ് കേരളം. എല്ലാ പ്രധാനപ്പെട്ട ആശുപത്രികളിലും സ്വയം പര്യാപ്തത നേടിക്കൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് ആരോഗ്യവകുപ്പ് കാഴ്ചവയ്ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാറശാല നിയോജക മണ്ഡലത്തിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന കുടുംബാരോഗ്യ കേന്ദ്രമാണ് പെരുങ്കടവിള സി എച്ച് സി.  2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ ബ്ലോക്ക് നിർമ്മിക്കുന്നതിനായി  അനുവദിച്ചത്.  നിലവിൽ 42 ജീവനക്കാരാണ് ഇവിടെയുള്ളത്.

 2021-22  സാമ്പത്തിക വർഷത്തിലെ എംഎൽഎയുടെ  ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 49 ലക്ഷം രൂപ ചെലവഴിച്ചാണ് അമ്പൂരി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 2800 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടത്തിൽ ഡോക്ടേഴ്സ് റൂം, സിസ്റ്റേഴ്സ് റൂം, ഒബ്സർവേഷൻ റൂം, ഫാർമസി, 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിച്ചിരിട്ടുണ്ട്.

സി കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങുകളിൽ പെരുങ്കടവിള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലാൽ കൃഷ്ണൻ ജി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേന്ദ്രൻ, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജോസ് ജി ഡിക്രൂസ്,  ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

date