Skip to main content
സംരഭക വർഷം 2022-23 ന്റെ ഭാഗമായി ഒരു ലക്ഷം സംരംഭകരുടെ ലോൺ മേളയോടനുബന്ധിച്ച് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ജില്ലയിലെ ബാങ്ക് കോർഡിനേറ്റർമാരുടെ സംയുക്തയോഗം .

സംരംഭക വര്‍ഷം: തദ്ദേശ സ്ഥാപനതലത്തില്‍ ലോണ്‍മേള ആഗസ്റ്റില്‍

 

വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലയില്‍ തദ്ദേശ സ്ഥാപന തലത്തില്‍ ലോണ്‍മേള സംഘടിപ്പിക്കുന്നു. 2022-23 സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി
ആഗസ്റ്റ് 1 മുതല്‍ 15 വരെയാണ് മേള. പഞ്ചായത്ത് തലത്തിലും, മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ തലങ്ങളിലുമാണ് മേള സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോണ്‍മേളയോടനുബന്ധിച്ച് ജില്ലയിലെ ബാങ്ക് കോര്‍ഡിനേറ്റര്‍മാരുടെ സംയുക്ത യോഗം ചേര്‍ന്നു. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സംരംഭക വര്‍ഷം പദ്ധതിയുടെ രണ്ടാംഘട്ടമായാണ് ലോണ്‍ മേള സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തദ്ദേശ സ്ഥാപന തലത്തില്‍ ബോധവല്‍ക്കരണ ശില്‍പശാലകള്‍ നടത്തിയിരുന്നു.
2022 ഏപ്രില്‍ 1 മുതല്‍ ഇതുവരെയായി ജില്ലയില്‍ 4699 സംരംഭങ്ങള്‍ ആരംഭിക്കുകയും അതിലൂടെ 302.25 കോടി രൂപയുടെ മൂലധന നിക്ഷേപവും 10026 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്തു. ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെയുള്ള പുരോഗതി അനുസരിച്ച് തൃശൂര്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ്. 

ജില്ലയ്ക്ക്  സമയബന്ധിതമായി ഈ ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനായി ബിടെക്/ എംബിഎ യോഗ്യതയുള്ള 105 ഇന്റേണ്‍സിനെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിയമിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും പദ്ധതികളെക്കുറിച്ച് സംരംഭകരെ അറിയിക്കുന്നതിനും സംരംഭകര്‍ക്ക് സംരംഭം തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതിനും വേണ്ടിയാണ് ഇന്റേണ്‍സിനെ നിയമിച്ചത്. ഇവര്‍ക്ക് വേണ്ട പരിശീലനം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു. തിങ്കളാഴ്ച്ചയും ബുധനാഴ്ച്ചയുമാണ് ഹെല്‍പ്പ് ഡെസ്‌ക് സേവനം. 

ഈ വര്‍ഷം 13,500 സംരംഭങ്ങളാണ് ജില്ലയില്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തിയ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ.കെ എസ് കൃപകുമാര്‍ പറഞ്ഞു. തദ്ദേശ സ്ഥാപന തലത്തില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സംരംഭകരുടെ പരാതികള്‍ കേള്‍ക്കാനും പരിഹാരം കാണാനും ജുഡീഷ്യല്‍ അധികാരമുള്ള പരാതി പരിഹാര കമ്മിറ്റികള്‍ നിലവിലുണ്ട്. ബാങ്കുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ സംരംഭകര്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളുവെന്നും ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ പാര്‍വതി ദേവി, കാനറാ ബാങ്ക് റീജിയണല്‍ മാനേജര്‍ കെ എസ് രാജേഷ്, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീധര വാര്യര്‍, ഇന്റേണുകള്‍, വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date