Skip to main content

അപകട രഹിത കൊച്ചി' ഏകദിന ശില്പശാല ഓഗസ്റ്റ് 9ന് 

 

നഗര പരിധിയില്‍ അപകടങ്ങള്‍ തടയാനുള്ള ദീര്‍ഘകാല 
പദ്ധതികള്‍ ആവിഷ്‌കരിക്കും: ജി.സി.ഡി.എ ചെയര്‍മാന്‍ 

    'സുസ്ഥിരമായ കൊച്ചിക്കായി സുരക്ഷിതവും പൊതുവുമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തില്‍ വിശാല കൊച്ചി വികസന അതോറിറ്റി(ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ആഗസ്റ്റ് 9ന് രാവിലെ 9.30 ന് പാലാരിവട്ടം റിനെ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈന്‍ ആയി പങ്കെടുക്കും. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ശില്പശാല ഉദ്ഘാടനം ചെയ്യും.  

    കെ.എസ്.ടി.സി.ഇ - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്), നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ എന്നിവയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. 

    ശില്പശാലയില്‍ ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍, എം.എല്‍.എമാരായ ടി.ജെ വിനോദ്, കെ.ജെ മാക്‌സി, പി.വി ശ്രീനിജിന്‍, ഉമ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ഇളങ്കോവന്‍, ഐറാഡ് മാനേജര്‍ ശ്രീനാഥ് രാഘവന്‍, കെ.എസ്.ടി.സി.ഇ - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.സാംസണ്‍ മാത്യു, നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ അംഗങ്ങളായ അബ്ദുല്‍ മനാഫ്, ദിലീപ് മാധവന്‍, സി-ഡാക് മുന്‍ ജോ.ഡയറക്ടര്‍ ഡോ. പി രവികുമാര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

    സമാപന സമ്മേളനത്തില്‍ അപകട രഹിത കൊച്ചി ആക്ഷന്‍ പ്ലാന്‍ ചര്‍ച്ച ചെയ്യും. ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ എസ്. ഷാനവാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ, ട്രാഫിക്, റോഡ് സുരക്ഷ വിഭാഗം ഐ. ജി. അനൂപ് കുരുവിള ജോണ്‍, മോട്ടോര്‍ വാഹനവകുപ്പ് അഡിഷണല്‍ ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ പി.എസ് പ്രമോജ് ശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

    ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍, പോലീസ്, അഗ്‌നി രക്ഷ സേന, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റി, കൊച്ചി കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റികള്‍, അധ്യാപക സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ശില്പശാലയില്‍ പങ്കെടുക്കും.

    'അപകട രഹിത കൊച്ചി' എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജി.സി.ഡി.എ ശില്പശാല സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഏറ്റവുമധികം അപകടങ്ങള്‍ ഉണ്ടാകുന്നത് എറണാകുളം ജില്ലയിലാണെന്ന് നാറ്റ്പാക് പഠനം വ്യക്തമാക്കുന്നുണ്ട്. 2100 പേരാണ് ഈ കാലയളവില്‍ ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചത്. 2021 ഇല്‍ 1780 അപകടങ്ങളില്‍ 141 പേര്‍ മരിച്ചു. 1758 പേര്‍ക്ക് പരുക്കേറ്റു. അപകടങ്ങളില്‍പ്പെട്ട 61 ശതമാനം പേരും ഇരുചക്ര വാഹന ഡ്രൈവര്‍മാരാണെന്നും നാറ്റ്പാക് കണ്ടെത്തിയിട്ടുണ്ട്. 

     എറണാകുളം സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന എറണാകുളം സൗത്ത്, നോര്‍ത്ത്, പള്ളുരുത്തി, ഇന്‍ഫോപാര്‍ക്ക്, കളമശേരി, എറണാകുളം സെന്‍ട്രല്‍, ഹില്‍പാലസ്, മട്ടാഞ്ചേരി സര്‍ക്കിളുകളിലാണ് 37 ശതമാനം അപകടങ്ങളും നടന്നിട്ടുള്ളത്.

    ജില്ലയിലുണ്ടായ 70 ശതമാനത്തിലധികം അപകടങ്ങളും സംഭവിച്ചത് ജംഗ്ഷനുകളില്‍ നിന്ന് അകലെയാണെന്നാണ് നാറ്റ് പാക് കണ്ടെത്തല്‍. 68 ശതമാനം അപകടങ്ങള്‍ മീഡിയന്‍ ഇല്ലാത്ത ഭാഗത്തും 67 ശതമാനം നേര്‍രേഖ റോഡ് ഭാഗത്തുമാണ്.

    സംസ്ഥാനത്ത് അപകട സാധ്യത കൂടിയ ഏറ്റവുമധികം ബ്ലാക് സ്‌പോട്ടുകള്‍ ഉള്ളതും എറണാകുളം ജില്ലയിലാണ്. ജില്ലയിലുള്ള 374 ബ്ലാക്ക് സ്‌പോട്ടുകളില്‍ 68 എണ്ണം മുന്‍ഗണന ബ്ലാക്ക് സ്‌പോട്ടുകള്‍ ആണ്. ഇതില്‍ 37 എണ്ണം നഗര പരിധിയിലുമാണെന്നും നാറ്റ് പാക് കണ്ടെത്തിയിട്ടുണ്ട്.

    നഗര പരിധിയില്‍ അപകടങ്ങള്‍ തടയാനുള്ള വിവിധ ദീര്‍ഘ കാല പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോ.വി.എം രമേശ്, കെ.എസ്.ടി.സി.ഇ - ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സാംസണ്‍ മാത്യു, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് എ.ജി.എം അബ്ദുല്‍ മനാഫ്, ബി.പി.സി.എല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അജിത് കുമാര്‍, ജി.സി.ഡി.എ സെക്രട്ടറി അബ്ദുല്‍ മാലിക് തുടങ്ങിയവര്‍ പങ്കെടുത്തു.

date