Skip to main content

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് സംസ്ഥാത്ത് സാധ്യതകള്‍ ഏറെ; മന്ത്രി പി. രാജീവ് ഒരു ലക്ഷം സംരംഭങ്ങള്‍ നിയോജക മണ്ഡലതല ശില്‍പശാലയുടെയും നിക്ഷേപക സംഗമത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു

സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ക്ക് സാധ്യതകള്‍ ഏറെയുണ്ടെന്ന് നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച എന്റെ സംരംഭം നാടിന്റെ അഭിമാനം - ഒരു ലക്ഷം സംരംഭങ്ങള്‍ നിയോജക മണ്ഡലതല ശില്‍പശാലയുടെയും നിക്ഷേപക സംഗമത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 17300 സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാനായി. സംരംഭക വര്‍ഷമാചരിക്കുന്നതിന്റെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 46111 കോടിയുടെ പുതിയ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ നാലുമാസത്തില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തെന്നും ഇതിലൂടെ 2721.11 കോടിയുടെ നിക്ഷേപം ഉണ്ടായെന്നും മന്ത്രി അറിയിച്ചു.

12 ജില്ലകളില്‍ നടത്തിയ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലൂടെ വ്യവസായ സംരംഭകരുടെ ആവശ്യങ്ങള്‍ അറിയാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിച്ചു. പഞ്ചായത്തുകളാണ് ഏറ്റവും കൂടുതല്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. കേരളത്തില്‍ വ്യവസായങ്ങള്‍ കൂടുതല്‍ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ തുടര്‍ച്ചയായായ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച രീതിയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ജില്ലയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

തൃത്താലയില്‍ 1025 സംരംഭങ്ങളാണ് ലക്ഷ്യമാക്കിയതില്‍ 354 സംരംഭങ്ങള്‍ ഇതോടെ പ്രവര്‍ത്തമാരംഭിക്കുകയും 14.9 കോടിയുടെ നിക്ഷേപം  ഉണ്ടാവുകയും ചെയ്തു. 685 പേരാണ് ഇതിലൂടെ തൊഴില്‍ മേഖലയിലേക്ക് കടന്നു വന്നു കഴിഞ്ഞു. തൃത്താലയുടെ ബ്രാന്‍ഡില്‍ വിവിധ തരം ഉത്പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. ആരംഭിക്കാന്‍ കഴിയുന്ന എല്ലാ സംരംഭങ്ങളുടെ തൃത്താലയില്‍ ആരംഭിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയണം. കൃഷി വരുമാനമുള്ളതായി മാറണമെങ്കില്‍ വ്യവസാം വളരണം. മൂല്യവര്‍ധനവ് ഇതില്‍ പ്രധാനപ്പെട്ടതാണ്. സംസ്ഥാനത്ത് അടുത്തതായി പത്ത് ഫുഡ്‌പ്രോസസിങ് പാര്‍ക്കുകളാണ് ആരംഭിക്കുന്നത്. എല്ലാ കാര്‍ഷിക ഉത്പന്നങ്ങളും മൂല്യവര്‍ധനവിലൂടെ വിപണിയിലെത്തിക്കാനാകണമെന്നും മന്ത്രി പറഞ്ഞു. സംരംഭങ്ങളിലൂടെയുള്ള ഉത്പ്പന്നങ്ങളുടെ മാര്‍ക്കറ്റിങിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആരംഭിക്കും. എല്ലാ ജില്ലകളിലും ആരംഭിച്ച ടെക്‌നോളജി ക്ലിനിക്കുകളിലൂടെ സംരംഭങ്ങളുടെ സാങ്കേതിക, സാമ്പത്തിക, മാര്‍ക്കറ്റിങ്, മാനേജ്‌മെന്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും. ഇതിന്റെ സാമ്പത്തികമായ കാര്യങ്ങള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ വകുപ്പുമായി സംയോജിച്ച് കേരള ബ്രാന്‍ഡ് ഉത്പ്പന്നങ്ങളുടെ പ്രത്യേക സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കും. സപ്ലൈകോ, നീതി, മാവേലി സ്‌റ്റോറുകളില്‍ ഇത്തരം ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേകം വില്‍പ്പന ഉറപ്പാക്കും. ഇതുമായിബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ലഭ്യമായ പരിമിതമായ സ്ഥലം ഉപയോഗിച്ച് കിന്‍ഫ്രക്ക് സമാനമായി സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ആരംഭിക്കും. ഇത്തരത്തില്‍ ആംരംഭിക്കുന്നതിന് ലഭിച്ച 23 അപേക്ഷകളില്‍ നാലെണ്ണം പാലക്കാട് ജില്ലയില്‍ നിന്ന് മാത്രമായി വന്നിട്ടുണ്ട്. ഇതില്‍ ഒറ്റപ്പാലം, ആലത്തൂര്‍ എന്നിവിടങ്ങളിലെ രണ്ടെണ്ണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ മാസം തന്നെ ഈ രണ്ട് പാര്‍ക്കുകള്‍ക്കും അനുമതി നല്‍കും. ഇത്തരത്തില്‍ 10 ഏക്കറിന് മുകളില്‍ സ്ഥലമുള്ളവര്‍ക്ക് വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ താത്പര്യപ്പെട്ടാല്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനായി.
 

 

വ്യവസായ പ്രാധാന്യമുള്ള മണ്ഡലമായി തൃത്താല മാറണം: സ്പീക്കര്‍ എം.ബി രാജേഷ്

 

കാര്‍ഷിക-ഗ്രാമീണ മണ്ഡലമായി അറിയപ്പെടുന്ന തൃത്താലയെ വ്യവസായിക പ്രാധാന്യമുള്ള മണ്ഡലമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. തൃത്താലയില്‍ വ്യവസായ സംരംഭങ്ങള്‍ നിലവിലില്ല. ഇതിന്റെ ഭാഗമായി കൂടിയാണ് ആയുര്‍വേദ പാര്‍ക്കുള്‍പ്പടെ ആരംഭിക്കാന്‍ തീരുമാനമായതെന്നും സ്പീക്കര്‍ അറിയിച്ചു.

2022-23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് മൂന്ന് മുതല്‍ നാല് ലക്ഷം ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാനുള്ള ബൃഹത്തായ പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് നടപ്പിലാക്കി വരുന്നു. എല്ലാ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സംരംഭങ്ങള്‍ തുടങ്ങാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കാനും സംരംഭങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കാനും ബി.ടെക് /എം.ബി.എ യോഗ്യതയുള്ള 1153 ഉദ്യോഗാര്‍ത്ഥികളെ ഇന്റേണ്‍ തസ്തികയില്‍ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നിയമിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ക്ക് പൊതു ബോധവത്്കരണ സെമിനാറുകള്‍ നടത്തി താത്പര്യപ്പെട്ട് വരുന്നവര്‍ക്ക് ലൈസന്‍സ്, ലോണ്‍, സബ്സിഡി മേളകള്‍ നടത്തി സംരംഭങ്ങള്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. പ്രസ്തുത പരിപാടിയുടെ പുരോഗതി വിലയിരുത്തല്‍ എല്ലാ എം.എല്‍.എമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ ചെയ്യും. പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 45056 വ്യവസായങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 2774.03 കോടി നിക്ഷേപവും 98780 പേര്‍ക്ക് തൊഴിലും ലഭിച്ചു. 7122 ഉത്പാന സംരംഭങ്ങളും 16021 സേവന സംരംഭങ്ങളും 21369 യൂണിറ്റുകളുമാണ് ആരംഭിച്ചത്. ഉത്പാദന സേവനസംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍ 13.88 ശതമാനം യൂണിറ്റുകളും 11.6 ശതമാനം ഗാര്‍മെന്റ് യൂണിറ്റുകളും, 9.64 ശതമാനം മറ്റ് സേവന യൂണിറ്റുകളുമാണുള്ളത്. പദ്ധതിയുടെ പുരോഗതി ഓരോ നിയോജക മണ്ഡലത്തിലും വിലയിരുത്തും. ഇതിന്റെ ഭാഗമായാണ് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ശില്പശാലയും നിക്ഷേപക സംഗമവും സംഘടിപ്പിക്കുന്നത്.

മെയില്‍ ആരംഭിച്ച പദ്ധതിയില്‍ ലക്ഷ്യമിടുന്നത് 12721 യൂണിറ്റുകള്‍, ആരംഭിച്ചത് 4359 യൂണിറ്റുകള്‍

ജില്ല മൂന്നാം സ്ഥാനത്ത്

പാലക്കാട് ജില്ലയില്‍ 12721 യൂണിറ്റുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഇതുവരെ 4359 യൂണിറ്റുകള്‍ ആരംഭിച്ചു. സംസ്ഥാനതലത്തില്‍ ജില്ലയുടെ സ്ഥാനം മൂന്നാണ്. ഇതിലൂടെ 220.52 കോടി രൂപയുടെ നിക്ഷേപവും 9317 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഇവയില്‍ 524 ഉത്പാദന സംരംഭങ്ങളും 1629 സേവന സംരംഭങ്ങളും 2174 ട്രേഡ് യൂണിറ്റുകളുമാണ് ആരംഭിച്ചിട്ടുള്ളത്. 13.08 ശതമാനം ഗാര്‍മെന്റ് യൂണിറ്റുകളും, 11.95 ശതമാനം അഗ്രോ യൂണിറ്റുകളും, 11.7 ശതമാനം മറ്റ് സേവന യൂണിറ്റുകളുമാണ് ഉത്പാദന സേവന സംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍. തൃത്താല നിയോജക മണ്ഡലത്തില്‍ ഇതുവരെ 292 യൂണിറ്റുകള്‍ ആരംഭിച്ചു. ഇതിലൂടെ 13.10 കോടി രൂപയുടെ നിക്ഷേപവും 593 പേര്‍ക്ക് തൊഴിലും ലഭിച്ചു. ഇവയില്‍ 52 ഉത്പാദന സംരംഭങ്ങളും 110 സേവന സംരംഭങ്ങളും 130 ട്രേഡ് യൂണിറ്റുകളുമാണ് ആരംഭിച്ചിട്ടുള്ളത്. സംരംഭം ആരംഭിച്ചവരില്‍ 79 ശതമാനം പുരുഷന്‍മാരും 21 ശതമാനം സ്ത്രീകളുമാണ്. ഇവരില്‍ 65 ശതമാനം മറ്റ് പിന്നാക്ക വിഭാഗവും 22 ശതമാനം ജനറല്‍ വിഭാഗവും 7 ശതമാനം പട്ടികജാതി വിഭാഗവും 6 ശതമാനം ന്യൂന പക്ഷ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. തൃത്താല നിയോജക മണ്ഡലത്തിലും ട്രേഡ് യൂണിറ്റുകളാണ് കൂടുതല്‍ ആരംഭിച്ചിട്ടുള്ളത് 24 ശതമാനം ട്രേഡ് യൂണിറ്റുകളും, 18 ശതമാനം സേവന സംരംഭങ്ങളും 15 ശതമാനം അഗ്രോ യൂണിറ്റുകളും 11 ശതമാനം ഗാര്‍മെന്റ് യൂണിറ്റുകളുമാണ്.

തൃത്താല അഷ്ടാംഗം ആയുര്‍വേദ ചികിത്സാലയം ആന്‍ഡ് വിദ്യാ പീഠത്തില്‍ നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന, പി.ടി മുഹമ്മദ്കുട്ടി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഫ്, ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി, ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജര്‍ ആര്‍.പി ശ്രീനാഥ്, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ ജി. രാജീവ്, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.

date