Skip to main content
സ്വാതന്ത്ര്യത്തിന്റെ അമ്യത മഹോത്സവം " സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് " ജില്ലാതല ഉദ്ഘാടനം കോടന്നൂർ സെന്റ് ആന്റണിസ് യൂ പി സ്കൂളിൽ സി. സി. മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യ സമര സ്മരണകളുണർത്തി "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്"

 

സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ധീര സ്മരണകൾ ഉണർത്താൻ "സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" ചാർത്തി കുരുന്നുകൾ. സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായി  വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും  ഓരോരുത്തരായി തങ്ങളുടെ കയ്യൊപ്പ് വെള്ളത്തുണിയിൽ പതിപ്പിച്ചതോടെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ സമാപന ആഘോഷങ്ങൾക്ക്  തുടക്കമായി.  "ആസാദി കാ അമൃത് മഹോത്സവ്" ആഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ കോടന്നൂർ സെന്റ് ആന്റണിസ് യു പി സ്കൂളിൽ നടന്ന 
"സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്" പരിപാടിയുടെ ജില്ലാതല ഉദ്ഘാടന ചടങ്ങാണ് ശ്രദ്ധേയമായത്. 

ജില്ലയിലെ 1028 സ്കൂളുകളിലാണ് ഒരേ സമയം  പരിപാടി നടന്നത്. ജില്ലയിലാകെ 7 ലക്ഷത്തിലേറെ സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പുകൾ  അടയാളപ്പെടുത്തി. തുടർന്ന് ചെറുയോഗങ്ങളും സംഘടിപ്പിച്ചു.

10 മീറ്റർ തുണിയിൽ സി സി മുകുന്ദൻ എം എൽ എ ആദ്യം ഒപ്പുവെച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. സ്വാതന്ത്ര്യം എന്നത് മഹത്തരമാണെന്നും ജാതി - മത വ്യത്യാസമില്ലാതെ  പ്രവർത്തിക്കുക എന്നതാണ് സ്വാതന്ത്ര്യം കൊണ്ട് ലക്ഷ്യമിടുന്നതെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.

തുടർന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ,  ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ കെ രാധാകൃഷ്ണൻ, പാറളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി വിനയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ തുടങ്ങിയവരും ഒപ്പ് രേഖപ്പെടുത്തി. 
 
സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ ഏറ്റവും വലിയ ആവശ്യകതയിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.  സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ വിദ്യാലയത്തിലും അഞ്ച് മീറ്ററിൽ കുറയാത്ത വെള്ളത്തുണി ചുമരിലോ തൂണിലോ വലിച്ച് കെട്ടിയ ശേഷം സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ അടയാളമായാണ് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ജനപ്രതിനിധികളും ഓരോരുത്തരായി തങ്ങളുടെ കൈയ്യൊപ്പ് ചാർത്തിയത്.

സ്വാതന്ത്ര്യത്തിന്റെ 75 അമൃത വർഷങ്ങൾ എന്ന പേരിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും ചടങ്ങിൽ നടന്നു. ആഗസ്റ്റ്10 മുതൽ 15 വരെയാണ് ജില്ലയിൽ ആസാദി കാ അമൃത് മഹോത്സവ് സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പിനൊപ്പം തൃശൂർ ജില്ല ഇൻഫർമേഷൻ ഓഫീസും , ഗാന്ധി ദർശനും , ജില്ലാ ശാസ്ത്ര ക്ലബ്ബും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി ശ്രീജ, ഗാന്ധിദർശൻ ജില്ലാ സെക്രട്ടറി വി ഐ ജോൺസൺ, ചേർപ്പ് ബി പി സി ദിവ്യ മഹിജൻ,  പാറളം ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ  പങ്കെടുത്തു. ചേർപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം വി സുനിൽകുമാർ സ്വാഗതവും പ്രധാനധ്യാപിക സ്മിത നന്ദിയും പറഞ്ഞു.
ആഘോഷപരിപാടികളുടെ ഭാഗമായി ഇന്ന് (ആഗസ്റ്റ് 11) 1028 വിദ്യാലയങ്ങളിലും ഓരോ ഫലവൃക്ഷതൈ നടും. 'ഗാന്ധിമരം'എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം, വടക്കാഞ്ചേരി ഗവ.ഗേൾസ് എൽ പി സ്കൂളിൽ രാവിലെ 10 മണിക്ക് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അധ്യക്ഷനാകും.

date