Skip to main content
ജില്ലയിൽ ഹർ ഘർ തിരംഗുമായി ബന്ധപ്പെട്ട് കുംബശ്രീ ഒരുക്കിയ ദേശീയ പതാകകളുടെ വിതരണം ജില്ലാ കലക്ടർ ഹരിത വി.കുമാർ നിർവഹിക്കുന്നു

'ഹര്‍ ഘര്‍ തിരംഗ: ജില്ലയിൽ പതാക വിതരണം തുടങ്ങി

 

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീ തയ്യാറാക്കിയ ദേശീയപതാക വിതരണം ജില്ലയിൽ ആരംഭിച്ചു.  ജില്ലാ കലക്ടർ ഹരിത വി കുമാർ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ് സി  നിര്‍മ്മലിന് പതാക കൈമാറിയാണ്  ജില്ലാതല വിതരണോദ്ഘാടനം നിർവ്വഹിച്ചത്. ദേശീയപതാകയ്ക്ക് ആദരവ് നല്‍കുന്നതിനോടൊപ്പം പൗരന്‍മാര്‍ക്ക് ദേശീയപതാകയോടുള്ള വൈകാരിക ബന്ധം ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാരിന്റെ 
'ഹര്‍ ഘര്‍ തിരംഗ' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പതാക നിർമ്മാണം.

ജില്ലയില്‍ നാളിതുവരെയായി ഒന്നരലക്ഷത്തോളം പതാകകള്‍ 192 യൂണിറ്റുകള്‍ വഴിയായി തയ്യാറായിട്ടുണ്ട്. പഞ്ചായത്തുകളിലേക്കും  സ്‌കൂളുകളിലേക്കും ഉള്ള മുഴുവന്‍ പതാകകളുടെയും വിതരണം 12നുള്ളില്‍ പൂര്‍ത്തീകരിക്കും. 

രണ്ടര ലക്ഷം പതാകകളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി  ജില്ലയിൽ കുടുംബശ്രീ തയ്യാറാക്കുന്നത്. ആഗസ്റ്റ് 13 മുതല്‍ 15 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് ത്രിവര്‍ണ്ണ പതാക ഉയർത്തുക.

കുടുംബശ്രീയുടെ കീഴിലുള്ള 191 തയ്യല്‍ യൂണിറ്റുകളിലെ 580 അംഗങ്ങളാണ് പതാക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നത്. ഏഴ് വ്യത്യസ്ത അളവുകളിലാണ് പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 40 രൂപ വരെയാണ് വില. സ്‌കൂളുകള്‍ക്കാവശ്യമായ പതാകയുടെ എണ്ണം സ്‌കൂള്‍ അധികൃതര്‍ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും. ഇതോടൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകയുടെ എണ്ണവും കൂടി കണക്കാക്കി ആകെ വേണ്ടിവരുന്ന പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ അറിയിക്കും. ഈ ആവശ്യകത അനുസരിച്ച് തയാറാക്കിയ പതാകകള്‍ കുടുംബശ്രീ, തദ്ദേശ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യും. അയൽക്കൂട്ടങ്ങൾ വഴിയും പതാകകൾ വിതരണം ചെയ്യും. 

ചടങ്ങില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസി.ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്  കെ സിദ്ദിഖ് എന്നിവര്‍ പങ്കെടുത്തു.

date