Skip to main content

പോക്സോ: കുട്ടികൾക്കിടയിൽ ബോധവൽകരണം അനിവാര്യം 

 

പോക്സോ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യവാഹകരുടെ 
ജില്ലാതല അവലോകന യോഗം നടന്നു 

പോക്സോ കേസുകളെകുറിച്ച് കുട്ടികൾക്കിടയിൽ ബോധവൽകരണം കാര്യക്ഷമമാക്കണമെന്ന്  സംസ്ഥാന ബാലാവകാശ സരക്ഷണ കമ്മീഷൻ അംഗം സി വിജയകുമാർ പറഞ്ഞു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ നേതൃത്വത്തിൽ  കലക്ട്രേറ്റിൽ ചേർന്ന പോക്സോ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യവാഹകരുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആൺകുട്ടികൾക്ക്  പോക്‌സോ  കേസുകളെക്കുറിച്ചുള്ള ബോധവൽകരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി. ഒറ്റപ്പെടലിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിൻ്റെ  ഭാഗമായി സ്പോർട്സ് ആൻഡ് ആർട്സ് എന്നിവയ്ക്ക് പ്രാധാന്യം നൽകാനും ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു. സെപ്റ്റംബർ, ഒക്ടോബർ മാസത്തിൽ  ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നതിനും യോഗത്തിൽ ധാരണയായി. ഇതിനായി പോലീസ്, വിദ്യാഭ്യാസം, എക്സൈസ്, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ബോധവൽകരണ ക്ലാസ് നടത്തും. ജില്ലയിലെ മോഡൽ ഹോമുകളുടെ പ്രവർത്തനവും യോഗം വിലയിരുത്തി. ശിശുസൗഹൃദപരമായി മോഡൽ ഹോമുകൾ പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചു. കുട്ടികളെ  എങ്ങനെ ചേർത്തുപിടിക്കാം എന്ന് ഓരോ മോഡൽ ഹോം അധികൃതരും ചിന്തിക്കണമെന്നും  യോഗം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ 14 ജില്ലകളിലും പോക്സോ നിയമവുമായി ബന്ധപ്പെട്ട കർത്തവ്യവാഹകരുടെ അവലോകനം നടത്തുന്നതിൻ്റെ ഭാഗമായാണ് ജില്ലയിലും യോഗം ചേർന്നത്. മൂന്ന് മാസത്തിൽ ഒരിക്കൽ  മീറ്റിംഗ് കൂടി പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും യോഗത്തിൽ ധാരണയായി. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ബബിത ബൽരാജ്, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എം സി ജ്യോതി, ഡി എൽ എസ് എ സെക്രട്ടറി സബ് ജഡ്ജ് ടി മഞ്ജിത്, സി ഡബ്ല്യു സി ചെയർപേഴ്സൺ കെ വി നിമ്മി, പോലീസ്, എക്സൈസ്, എസ് സി/എസ് ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date