Skip to main content
കുടകല്ല്

ഗ്രാമീണ ടൂറിസത്തിനൊരുങ്ങാൻ കടങ്ങോട് പഞ്ചായത്ത്

 

പ്രകൃതി രമണീയതയും ചരിത്ര പ്രാധാന്യവും സംഗമിക്കുന്ന കടങ്ങോടിന്റെ ടൂറിസം സാധ്യതകളെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന പദ്ധതിയുമായി കടങ്ങോട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ വനമേഖലയും അതിനോട് ചേർന്ന മല്ലൻകുഴി വെള്ളച്ചാട്ടവും മല്ലൻകാവും കുടക്കല്ലും ചരിത്രസ്മാരകങ്ങളുമെല്ലാം വിനോദസഞ്ചാരികളെ  ആകർഷിക്കുന്ന പ്രദേശങ്ങളാണ്. ബ്രിട്ടീഷുകാർ പണിത 100 മീറ്റർ നീളമുള്ള ഉരുക്കുപാലവും പാലത്തോട് ചേർന്ന് ഗ്രാമഭംഗി വിളിച്ചോതുന്ന കൂമ്പുഴ പാടശേഖരങ്ങളുമെല്ലാം  പഞ്ചായത്തിന്റെ ടൂറിസം സാധ്യതകളാണ്.  ഗ്രാമീണ ടൂറിസത്തിനായി പഞ്ചായത്ത്  പ്രത്യേക ഫണ്ടും വകയിരുത്തിയിട്ടുണ്ട്. പദ്ധതി പ്രാവർത്തികമാക്കുന്നതിനായി പഞ്ചായത്ത്  പ്രാഥമിക നടപടികൾ  സ്വീകരിച്ച് വരികയാണ്.

മല്ലൻകുഴി വികസനം

വറ്റാത്ത നീരുറവ, നീർച്ചാലുകൾ, ചെറിയ വെള്ളച്ചാട്ടങ്ങൾ എന്നിവ നിറഞ്ഞ മല്ലൻകുഴിയെ പ്രാദേശിക ടൂറിസ കേന്ദ്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ പഞ്ചായത്ത്. സ്ഥലത്തെ സൗന്ദര്യവൽക്കരണത്തിനുള്ള ഫണ്ട് ജില്ലാ പഞ്ചായത്തിൽ നിന്നും ലഭ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ പറഞ്ഞു. പ്രദേശത്തെ ജലഒഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ചെയ്യുക. തോട് വൃത്തിയാക്കി തടയണ വെച്ച് പ്രകൃതിക്ക് ദോഷം വരാത്ത വികസനമാണ് നടപ്പാക്കുക. ജില്ലാ മണ്ണ് സംരക്ഷണ കേന്ദ്രം സ്ഥലത്ത് പരിശോധന നടത്തി. 500 മീറ്റർ റോഡ് നവീകരിക്കുന്നതിനായി 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും ജലീൽ ആദൂർ പറഞ്ഞു. 

ആംബ്രക്കുളം

വനപ്രദേശത്ത് സ്ഥിതിചെയ്യുന്ന ആംബ്രക്കുളം നിലവിൽ ചണ്ടിനിറഞ്ഞ് ആഴം കുറഞ്ഞ സ്ഥിതിയിലാണ്. ചണ്ടി നീക്കി ആഴം വർദ്ധിപ്പിച്ചാൽ വൃഷ്ടി പ്രദേശത്ത് കൂടുതൽ വെള്ളം സംഭരിക്കാനും അതുവഴി താഴ് വാരത്തെ നീരുറവ സംരക്ഷിക്കാനും കഴിയും. സമീപത്തെ പാടശേഖരങ്ങളിലേക്ക് ആവശ്യാനുസരണം വെള്ളം ഒഴുക്കുന്നതിനും സാധിക്കും. ആംബ്രക്കുളത്തിന് താഴെയാണ് മല്ലൻകുഴി വെള്ളച്ചാട്ടത്തിന്റെ ആദ്യഭാഗം. വിവിധ മേഖലകളിലെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ഇവ നടപ്പിലാക്കും. 
 
ചരിത്രസ്മാരകങ്ങളും ഗുഹകളും

സംരക്ഷിത ചരിത്രസ്മാരകമായി കേന്ദ്രസർക്കാർ ഏറ്റെടുത്ത എയ്യാൽ ഗുഹയും പഞ്ചായത്തിലെ ടൂറിസ മേഖലയ്ക്ക് കുതിപ്പേകുന്നതാണ്. മഹാശിലായുഗത്തിൽ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന മൺപാത്രങ്ങൾ, ഇരുമ്പ് ഉപകരണങ്ങൾ തുടങ്ങിയവയും ഏഡി ഒന്നാം നൂറ്റാണ്ടിലെ റോമൻ സ്വർണ്ണനാണയങ്ങൾ, നന്നങ്ങാടി എന്നിവ എയ്യാൽ ഗുഹ പരിസരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊച്ചി രാജാവ് നിർമ്മിച്ചു നൽകിയ കോടനാട് മന, തെക്കേടത്ത് മന, പാണ്ടം പറമ്പത്ത് മന, പാഴിയോട്ടുമന, വടക്കേടത്ത് മന, മഠത്തിൽ മന തുടങ്ങിയവയും കടങ്ങോടിന്റെ മാത്രം പ്രത്യേകതകളാണ്. പുരാതന ക്ഷേത്രങ്ങളും പള്ളികളും തീർത്ഥാടന ടൂറിസ സാധ്യതകളാണ്. 

പാരമ്പര്യ കൈത്തൊഴിലുകൾ നിലനിർത്തി പോകുന്ന പ്രദേശം കൂടിയാണിത്. കുട്ട നിർമ്മാണം, പാരമ്പര്യ ചെണ്ട നിർമ്മാതാക്കളായ പെരുങ്കൊല്ലൻ വിഭാഗത്തിൽ പെട്ടവരുടെ ചെണ്ട നിർമ്മാണ കേന്ദ്രങ്ങൾ, തുകൽ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവ കടങ്ങോടിനെ ശ്രദ്ധേയമാക്കുന്നു.

ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമീണ ടൂറിസമാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നത്. ഇത് സംബന്ധിച്ച് ടൂറിസം വകുപ്പിലേക്ക് പ്രപോസൽ നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ പറഞ്ഞു.

date