Skip to main content
വേലൂരിലെ ബിആർസി കെട്ടിടം

വേലൂർ പഞ്ചായത്തിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ 

 

ഭിന്നശേഷി സൗഹൃദ പഞ്ചായത്താകാൻ  വേലൂർ. പഞ്ചായത്തിന് കീഴിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നു. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിൽ 30 സെന്റ് സ്ഥലത്താണ് ബി ആർ സി കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ  ആദ്യത്തെ റീഹാബിലിറ്റേഷൻ സെന്ററാണിത്.

എ സി മൊയ്തീൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയടക്കം 78.52 ലക്ഷം രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി ബിആർസിക്ക് വേണ്ടി വിവിധ ഫണ്ടുകൾ മുഖേന ചെലവഴിച്ചത്. ഈ സാമ്പത്തിക വർഷം 10 ലക്ഷം രൂപയും ബിആർസിയുടെ പ്രവർത്തനത്തിന് പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. 

കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ബഡ്സ് റീഹാബിലിറ്റേഷന്റെ പ്രവർത്തനം. കുടുംബശ്രീ ഫണ്ടിൽ നിന്ന് ആദ്യ ഘട്ടത്തിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപനത്തിലേക്കാവശ്യമായ ഉപകരണങ്ങൾ  ലഭ്യമാക്കി. സ്ഥാപനത്തിന്റെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അനുയോജ്യമായ മറ്റ് ഉപകരണങ്ങളും  തയ്യാറാക്കും. ഒരു അധ്യാപികയുടെയും  ആയയുടെയും മേൽനോട്ടത്തിലായിരിക്കും പ്രവർത്തനങ്ങൾ.   

ആഗസ്റ്റ് 28ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി ക്യാമ്പിലൂടെ കുട്ടികളുടെ താത്പര്യം മനസിലാക്കി അതിനനുസരിച്ച് ബിആർസിയിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി പറഞ്ഞു. ക്യാമ്പിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ, കില ഫാക്കൽറ്റി, എറണാകുളം ആദർശ് ഫൗണ്ടേഷൻ ടീം എന്നിവർ നേതൃത്വം നൽകും. കിരാലൂരിലെ തണലിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് അടുത്ത മാസം കുട്ടികൾക്ക് തുറന്ന് നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

60 ഓളം കുട്ടികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. പബ്ലിക് അനൗൻസ്മെന്റ് സിസ്റ്റം, സ്റ്റേബിലിറ്റി ട്രയ്നർ, കമ്പ്യൂട്ടർ, ഫിംഗർ എക്സസൈസർ, ഹാന്റ് എക്സസൈസ് വെബ്, ഷോൾഡർ പുള്ളി, പെഡൽ എക്സസൈസർ,എം ആർ കിറ്റ്, വാക്കർ, സെൻസർ കിറ്റ് എന്നിങ്ങനെ വിവിധ ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ കുട്ടികൾക്ക്  അഗ്രിതെറാപ്പിയും നടപ്പാക്കും. മാനസിക  സമ്മർദ്ദം കുറയ്ക്കുന്നതിനും സ്വയം പര്യാപ്തത  കൈവരിക്കുന്നതിനുമായി  സംരംഭങ്ങൾക്കുള്ള പരിശീലനവും നൽകും. എൽഇഡി ബൾബ് നിർമ്മാണം, മോപ്പ് നിർമ്മാണം എന്നീ പരിശീലനങ്ങൾ നൽകാനും ഉദ്ദേശിക്കുന്നുണ്ട്. 

2019ലാണ്  ഗ്രാമപഞ്ചായത്തിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ കെട്ടിടനിർമ്മാണം ആരംഭിച്ചത്. രണ്ട് റൂം, രണ്ട് ടോയലറ്റ്, ഒരു ഫിസിയോതെറാപ്പി റൂം, ഓഫീസ് റൂം, ഡൈനിങ്ങ് ഹാൾ, കിച്ചൺ എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിലെ വലിയ ഹാളിലാണ് അമ്മമാർക്കുള്ള സ്വയം സംരംഭ പരീലനം സംഘടിപ്പിക്കാൻ ഉദേശിച്ചിട്ടുള്ളത്. ബിആർസിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്.

date