Skip to main content

ഓണക്കിറ്റ് വിതരണം: ജില്ലയില്‍ 8,96,973 കിറ്റുകള്‍ വിതരണം ചെയ്യും സെപ്റ്റംബര്‍ 7 വരെ വിതരണം

 

    ഓണത്തോടനുബന്ധിച്ച് എറണാകുളം ജില്ലയില്‍ ആകെ 8,96,973  സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ജില്ലയിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും, ക്ഷേമ കേന്ദ്രങ്ങളിലും, എന്‍പിഐ കാര്‍ഡ് വിഭാഗങ്ങള്‍ക്കും കിറ്റുകള്‍ വിതരണം ചെയ്യും. സെപ്റ്റംബര്‍ 7 വരെയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ എത്തി സെപ്റ്റംബര്‍ ഏഴിനകം കിറ്റുകള്‍ കൈപ്പറ്റണം. ഏഴിനു ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

    ജില്ലയില്‍ ആകെ 8,94,371 കിറ്റുകളാണ്  വിവിധ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് 23, 24 തീയതികളില്‍ എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്ക് കിറ്റുകള്‍ നല്‍കും. 36985 എ.എ.വൈ കാര്‍ഡ് ഉടമകളാണ് ജില്ലയിലുള്ളത്. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ പി.എച്ച്.എച്ച് കാര്‍ഡുകാര്‍ക്ക് (പിങ്ക്) ആണ് വിതരണം. 2,71,812 പി.എച്ച്.എച്ച് കാര്‍ഡ് ഉടമകള്‍ ജില്ലയിലുണ്ട്. 29, 30, 31 തീയതികളില്‍ എന്‍.പി.എസ് കാര്‍ഡ്(നീല) ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. 2,65,753 എന്‍.പി.എസ് കാര്‍ഡ് ഉടമകളാണ് ജില്ലയിലുള്ളത്.

    സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് കാര്‍ഡുകാര്‍ക്ക് (വെള്ള) കിറ്റ് ലഭിക്കും. 3,19,821 എന്‍.പി.എന്‍.എസ് കാര്‍ഡുകളാണുള്ളത്. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ സാധിക്കാത്ത എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ 4 മുതല്‍ 7 വരെ  കിറ്റ് വാങ്ങാം. 

    ക്ഷേമ സ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും  ഉദ്യോഗസ്ഥര്‍ നേരിട്ടാണ് കിറ്റുകള്‍ എത്തിക്കുക.  1496 കിറ്റുകളാണ് ക്ഷേമ സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുന്നത്. നാലു പേര്‍ക്ക്  ഒരു കിറ്റ് വീതം  വിതരണം ചെയ്യും. എന്‍പിഐ (പൊതു വിഭാഗം സ്ഥാപനം)കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് 4 കാര്‍ഡിന് ഒരു കിറ്റ് വീതവും വിതരണം ചെയ്യും. ജില്ലയില്‍ 1106 കിറ്റുകളാണ് ഈ വിഭാഗത്തില്‍ വിതരണം ചെയ്യുന്നത്.

    തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം അവശ്യസാധനങ്ങളുള്ള ഒരു കിറ്റ് 434 രൂപ ചെലവിലാണ് തയ്യാറാക്കിയിരിക്കുന്നത്. 50 ഗ്രാം കശുവണ്ടി, 50 മില്ലി  നെയ്യ്, 100 ഗ്രാം വീതം മഞ്ഞള്‍പൊടി, മുളകുപൊടി, തേയില 20 ഗ്രാം ഏലയ്ക്ക, 500 മില്ലി വെളിച്ചെണ്ണ, 100 ഗ്രാം ശര്‍ക്കര വരട്ടി/ ചിപ്പ്‌സ്, 500 ഗ്രാം വീതം ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോ വീതം പഞ്ചസാര, ഉപ്പ്, ഒരു തുണി സഞ്ചി എന്നിവയാണ് കിറ്റിലുള്ളത്.

    മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മില്‍മയില്‍ നിന്നുള്ള നെയ്യും കാഷ്യു കോര്‍പ്പറേഷനില്‍ നിന്നുള്ള കശുവണ്ടിയും സപ്ലൈകോ ശബരി ബ്രാന്‍ഡിന്റെ മുളകുപൊടി, മഞ്ഞള്‍പൊടി, വെളിച്ചെണ്ണ, തേയില എന്നിവയുമാണ് കിറ്റിലുള്ളത്.

date