Skip to main content

എല്ലാവര്‍ക്കും സൗജന്യ ഓണക്കിറ്റ്: ജില്ലയില്‍ വിതരണം തുടങ്ങി

 

ഭക്ഷ്യ സമൃദ്ധിയുടെ കാലം ഓര്‍മ്മിപ്പിക്കുന്ന ഓണനാളുകളില്‍ കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകരുത് എന്ന ലക്ഷ്യത്തിലാണ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നതെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍.  
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓണസമ്മാനമായ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
വിലക്കയറ്റവും പ്രതികൂല കാലാവസ്ഥയും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കിറ്റ് ആശ്വാസമാണെന്ന് കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. സത്യന്‍ പറഞ്ഞു.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് നല്‍കുന്നതിലൂടെ 'മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ' എന്ന ആപ്തവാക്യം യാഥാര്‍ത്ഥ്യവത്കരിക്കുകയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എ. ഡി. എം ഷൈജു പി ജേക്കബ് പറഞ്ഞു. ചടങ്ങില്‍ കൊലുമ്പന്‍ കോളനിയിലെ ഊരുമൂപ്പന്‍ ടി.വി രാജപ്പന്‍, പി.വി. ഓമന, ഷീല രാജന്‍, രമ്യ, മദീന, ഷൈലാനി, വെറോണിക്ക, ആന്‍സി ജിജി, ജെയ്ന്‍ മനോജ്, ലക്ഷ്മി വീരന്‍, ജാനകി സത്യന്‍, ഇന്ദിര എന്നിവര്‍ കിറ്റ് ഏറ്റുവാങ്ങി.

ജില്ലയിലെ എല്ലാ താലൂക്കുകളിലെയും റേഷന്‍ കടകളിലേക്കുള്ള ആദ്യ റൗണ്ട് വിതരണത്തിനുള്ള കിറ്റുകള്‍ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. 14 ഇനം അവശ്യ സാധനങ്ങളടങ്ങിയ കിറ്റാണ് ഇക്കുറി വിതരണത്തിന് തയ്യാറായിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ റേഷന്‍കടകളിലൂടെ കിറ്റ് വിതരണം തുടങ്ങും. 23, 24 തീയതികളില്‍ മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കും തങ്ങളുടെ റേഷന്‍കടകളില്‍ നിന്ന് കിറ്റ് വാങ്ങാം. ഈ ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളിലും ഭക്ഷ്യക്കിറ്റ് റേഷന്‍ കടകളില്‍ നിന്ന് ലഭിക്കും. ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല.

ജില്ലാ സപ്ലൈ ഓഫീസര്‍ അനില്‍ കുമാര്‍ കെ. പി, ദേവികുളം എ.ടി.എസ്. ഒ. ഷിജിമോന്‍ എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ അഡീഷണല്‍ ജനറല്‍ മാനേജര്‍ പി. റ്റി സൂരജ് നന്ദി പറഞ്ഞു. ചടങ്ങില്‍ ഇടുക്കി റേഷനിങ് ഇന്‍സ്പെക്ടര്‍ സുകൃത ഗാനം ആലപിച്ചു.      

date