Skip to main content

മറവൻതുരുത്തിനെ വരച്ച് കലയുടെ തെരുവാക്കുന്നു

 

കോട്ടയം: വീടുകളുടെ ചുറ്റുമതിലുകളിൽ വരയുടെ വർണവസന്തമൊരുക്കി മറവൻതരുത്തു ഗ്രാമപഞ്ചായത്തിൽ 'ആർട് സ്ട്രീറ്റ്' പ്രവർത്തനങ്ങൾക്കു തുടക്കം. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിൽ മറവന്തുരുത്തു ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് 'കലയുടെ തെരുവ്' ഒരുക്കുന്നത്. മറവൻതുരുത്തിലെ കൂട്ടുമേൽ മുതൽ മൂഴിക്കൽ വരെയുള്ള ഭാഗത്താണ് ആർട്ട് സ്ട്രീറ്റ് ഒരുങ്ങുന്നത്.
 തദ്ദേശവാസികളുടെ ചുറ്റുമതിലിൽ പ്രതിഫലമൊന്നുമില്ലാതെയാണ് കലാകാരന്മാർ ചിത്രങ്ങളൊരുക്കുന്നത്. സന്നദ്ധരായ വീട്ടുകാർ പെയിന്റുമാത്രം വാങ്ങി നൽകിയാൽ മതി.
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനുമായി ചേർന്നുപ്രവർത്തിക്കുന്ന യുവജന കൂട്ടായ്മ 'ക്യാപ്റ്റൻസ് സോഷ്യൽ ഫൗണ്ടേഷൻ' ആണ് ആർട്ട് സ്ട്രീറ്റ് തയാറാക്കുന്നത്. ഡൽഹിയും കേരളവുമടക്കമുള്ള ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽനിന്നും വിവിധ പ്രദേശങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട  കലാപ്രവർത്തകരാണു വരക്കാനെത്തിയത്.
 വിദ്യാർഥികളും അധ്യാപകരുമായ ചിത്രകലാപ്രവർത്തകർ, സ്വന്തമായി സ്ഥാപനം നടത്തുന്നവർ, തെരുവിൽ ചിത്രം വരയ്ക്കുന്നതു സാമൂഹിക പ്രതിബദ്ധതയായി കാണുന്നവർ, അമ്മമാർ തുടങ്ങി വലിയ കൂട്ടായ്മയാണ് ഇതിനായി കുലശേഖരമംഗലം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ മൂന്നുദിവസമായി നടന്ന ചിത്രരചനാക്യാമ്പിൽ പങ്കെടുത്തത്.
മൂന്നുമാസം കൊണ്ട് ആർട്ട് സ്ട്രീറ്റ് പൂർത്തിയാക്കുകയാണു ലക്ഷ്യം. കടൂക്കര വിജ്ഞാന പ്രദായനി വായനശാല, കുലശേഖരമംഗലം ഗവൺമെന്റ് എൽ.പി. സ്‌കൂൾ, സ്വകാര്യവ്യക്തികളുടെ ചുവരുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടം. കൂട്ടുമേൽ മുതൽ വാട്ടർ സ്ട്രീറ്റ് ആയ മൂഴിക്കൽ വരെ എത്തിച്ചേരും വിധം എല്ലാ ചുവരുകളിലും വ്യക്തികളുടെ അനുമതിയോടെ ചിത്രം വരയ്ക്കും. തെരുവുനടത്തങ്ങളും കഥ പറച്ചിൽ പരീക്ഷണങ്ങളും തുടങ്ങുമെന്നു ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. ആർട്ട് സ്ട്രീറ്റിന്റെ ഒന്നാംഘട്ടം ഞായറാഴ്ചയോടെ പൂർത്തിയായി. അടുത്തഘട്ടം സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുമെന്ന്് മറവന്തുരുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ പറഞ്ഞു.
 മറവൻതുരുത്തിലെ പക്ഷികൾ, ചിത്രശലഭങ്ങൾ, പഴയകാല ചരിത്രം, ആറ്റുവേലയും തീയാട്ടും ഗരുഡൻതൂക്കവും ഉൾപ്പെടെയുള്ള ഉത്സവങ്ങൾ, കള്ളുചെത്തും ഓലമെടയലും വലവീശലും അടക്കമുള്ള പരമ്പരാഗത തൊഴിലുകൾ എന്നിങ്ങനെ തുരുത്തിന്റെ ടൂറിസം റിസോഴ്‌സ് ഡയറക്ടറിയിൽ ജനകീയമായി കണ്ടെത്തി അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ആർട് സ്ട്രീറ്റിൽ വരച്ചിടുന്നത്. ചുവരുകൾ ഒരുക്കാനും ചിത്രങ്ങൾ വരയ്ക്കാനും നാട്ടുകാരായ ചെറുപ്പക്കാരും ഒത്തുചേർന്നതോടെ ആർട്ട് സ്ട്രീറ്റ് തയാറാക്കൽ ജനകീയ ടൂറിസം പ്രവർത്തനമായി മാറി.
 ടൂറിസം മേഖലയിൽ ജനകീയബദലുകൾ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെയാണ് ആർട്ട് സ്ട്രീറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചത് എന്നു പദ്ധതി തയാറാക്കിയ കെ. രൂപേഷ് കുമാർ പറഞ്ഞു. കെ. രൂപേഷ് കുമാർ, മറവന്തുരുത്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രമ എന്നിവർക്കൊപ്പം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പ്രദീപ്, ഗ്രാമപഞ്ചായത്തംഗം പോൾ തോമസ്, ടൂറിസം വികസന സമിതി കൺവീനർ ടി.കെ. സുവർണൻ, എൻ.ജി.ഒ. പ്രവർത്തകരായ അഫ്‌സൽ മുഹമ്മദ് ബി, ജാസിം ഉമർ, ഫസ്ന, കുലശേഖരമംഗലം ഉത്തരവാദിത്ത ടൂറിസം ക്ലബ്ബ് സെക്രട്ടറി വിജയൻ കൊല്ലൂരത്തിൽ, രാജേന്ദ്രപ്രസാദ്, ആർട്ട് സ്ട്രീറ്റ് കൺവീനർ നൗഷാദ് എന്നിവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.
 

date