Skip to main content

നല്ലോണമുണ്ണാം: ജില്ലയില്‍ ഒരുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യും

**അഗതിമന്ദിരങ്ങളിലും ഓണക്കിറ്റെത്തും, കാര്‍ഡില്ലാത്ത ഭിന്നലിംഗക്കാര്‍ക്കും ഓണക്കിറ്റ്

വയറും മനസും നിറഞ്ഞ് ഇത്തവണ ഓണമുണ്ണാം. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റില്‍ ഉപ്പു മുതല്‍ ശര്‍ക്കരവരട്ടി വരെ 13 ഇനം ഭക്ഷ്യവിഭവങ്ങള്‍. ഇന്ന് (ആഗസ്റ്റ് 23) മുതല്‍ വിതരണം ആരംഭിച്ചതോടെ ഓണക്കിറ്റ് വാങ്ങാന്‍ റേഷന്‍ കടകളില്‍ തിരക്കായിത്തുടങ്ങി. വാഴയിലത്തുമ്പത്ത് വിളമ്പാന്‍ നല്ല നേന്ത്രക്കായയില്‍ തയ്യാറാക്കിയ ചിപ്‌സോ ശര്‍ക്കര വരട്ടിയോ ആകാം. മധുരം നിറയ്ക്കാന്‍ ഉണക്കലരി ചേര്‍ത്ത പായസമുണ്ടാക്കാം. ചേരുവകള്‍ക്കായി ഇനി വെവ്വേറെ കടകള്‍ കയറിയിറങ്ങേണ്ട.

തിരുവനന്തപുരം ജില്ലയില്‍ ഒരുലക്ഷത്തി ഏഴായിരത്തി നാനൂറ്റി മുപ്പത്തിയേഴ് ഓണക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആദ്യ രണ്ട്  ദിവസങ്ങളില്‍ ജില്ലയിലെ 61,283 മഞ്ഞകാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് ലഭ്യമാകും. ആഗസ്റ്റ് 25,26,27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും 29,30,31 തീയതികളില്‍ നീലകാര്‍ഡ് ഉടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെള്ളക്കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്കും കിറ്റ്  നല്‍കും. കൂടാതെ ഒരു റേഷന്‍കാര്‍ഡിലും ഉള്‍പ്പെടാത്ത ഭിന്നലിംഗക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് ഹാജരാക്കി ഭക്ഷ്യക്കിറ്റ് വാങ്ങാം.

നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ അസൗകര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ നാലു മുതല്‍ ഏഴുവരെ കിറ്റ് കൈപ്പറ്റാന്‍ അവസരമുണ്ട്. പ്രത്യകം തുണി സഞ്ചിയില്‍ വെളിച്ചെണ്ണ, കശുവണ്ടിപ്പരിപ്പ്, നെയ്യ്, ഏലയ്ക്ക, ഉണക്കലരി, തേയില, പഞ്ചസാര തുടങ്ങി 13 ഇനം ഭക്ഷ്യ വസ്തുക്കളാണ് ഇത്തവണ നല്‍കുന്നത്.

date