കുരുന്നുകളിൽ ജനാധിപത്യ ബോധത്തിനായി 'കുട്ടി' പാർലമെൻറ്
പുതുതലമുറയിൽ ജനാധിപത്യ സംവിധാനങ്ങളുടെ ആവശ്യകതയും പാർലമെന്ററി ജനാധ്യപത്യത്തിന്റെ നടപടിക്രമങ്ങളും അടിസ്ഥാന തത്വങ്ങളും പരിചയപ്പെടുത്താൻ ബാല പാർലമെൻറ് നടത്തി. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബാലസഭ അംഗങ്ങളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ബാല പാർലമെന്റ് നടത്തിയത്. ഓരോ സി ഡി എസിൽ നിന്നും രണ്ടു വീതം ആകെ 162 ബാലസഭ അംഗങ്ങൾക്കായിരുന്നു അവസരം ലഭ്യമായത്. കണ്ണൂർ ശിക്ഷക് സദനിൽ സംഘടിപ്പിച്ച പരിപാടി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്ത് അധ്യക്ഷനായി. സി വിനോദ്, വി വിനേഷ് സംസാരിച്ചു.
ബാല പാർലമെന്റിൽ രാഷ്ട്രപതിയായി മാളവിക സന്തോഷ് (അഴീക്കോട്), സ്പീക്കറായി ഫാത്തിമത്ത് റുഫൈദ (ആലക്കോട്), പ്രോടേം സ്പീക്കറായി അലൻ അംശീഷ് (മുണ്ടേരി) എന്നിവരും പ്രധാനമന്ത്രിയായി ദേവനന്ദയും (കരിവെള്ളൂർ) പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവിന്റെ ചുമതല പി എസ് ആതിര (ള്ളിക്കൽ) നിർവഹിച്ചു. പാർലമെന്റ് അംഗങ്ങളുടെ ചോദ്യങ്ങൾക്ക് വിവിധ വകുപ്പുകളുടെ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ട യുഗ്ദേവ്, സ്നേഹ, ഹൃദ്യ ഹരി, കൃഷ്ണേന്ദു, വിഷ്ണുപ്രിയ, രോഹിത് സുരേഷ്, പ്രണവ് പ്രകാശ് എന്നിവർ മറുപടി നല്കി.
ബാലപാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച 10 ബാലസഭ അംഗങ്ങൾ സെപ്റ്റംബർ മൂന്നു മുതൽ അഞ്ചു വരെ തിരുവനന്തപുരത്തെ പഴയ നിയമസഭാ മന്ദിരത്തിൽ ചേരുന്ന സംസ്ഥാന ബാല പാർലമെന്റിൽ കണ്ണൂരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
- Log in to post comments