Skip to main content

പാട്യം ഇനി തേന്‍ ഗ്രാമം

തേന്‍ ഗ്രാമമാകാനൊരുങ്ങി പാട്യം ഗ്രാമപഞ്ചായത്ത്. പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, പാട്യം സര്‍വീസ് സഹകരണ ബാങ്ക്, ഖാദിബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് തേന്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും തേന്‍ ഉത്പാദിപ്പിക്കുക, വരുമാന മാര്‍ഗം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. ഇതിനായി പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഈ മാസം അവസനത്തോടെ തേനീച്ച കൂടുകള്‍ വിതരണം ചെയ്യും. സൗജന്യ നിരക്കിലാണ് ആവശ്യാനുസരണം കൂടുകള്‍ നല്‍കുക. കൃഷിക്ക് കൂടുതല്‍ തുക ആവശ്യമാണെങ്കില്‍ പാട്യം സര്‍വീസ് സഹകരണ ബാങ്കും ഖാദി ബോര്‍ഡും വായ്പ അനുവദിക്കും. ഡിസംബറില്‍ ആദ്യഘട്ട വിളവെടുപ്പ് നടക്കും. ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ കര്‍ഷകരില്‍ നിന്നും വാങ്ങി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ആയുര്‍വേദ മരുന്ന് നിര്‍മാണത്തിനായി ഉപയോഗിക്കും. 300 കര്‍ഷകര്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ പറഞ്ഞു.

date