ത്വക് രോഗങ്ങള്‍ക്കെതിരെ ജാഗ്രത; ചര്‍മരോഗപരിശോധന പരിപാടിക്ക് ആഗസ്റ്റ് 15 ന് തുടക്കമാവും.
കുഷ്ഠരോഗം കണ്ടെത്തി തടയുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആഗസ്റ്റ് 15 ന് തുടക്കമാകും. കുഷ്ഠരോഗം ഭയപ്പെടേണ്ട ഒന്നല്ലെന്നും ഫലപ്രദമായ ചികിത്സയുണ്ടെന്ന് മനസ്സിലാക്കുകയും നേരത്തേ കണ്ടെത്തി ചികിത്സ ആരംഭിക്കുകയുമാണ് വേണ്ടതെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന പറഞ്ഞു.
കഴിഞ്ഞ വര്‍ഷം പുതുതായി 53 കേസുകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇതില്‍ 13 പേര്‍ കുട്ടികളാണ് എന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. നാലുപേര്‍ക്ക് പ്രകടമായ അംഗവൈകല്യം വന്നിട്ടുണ്ട് എന്നതും ആശങ്കാജനകമാണ്.
രോഗം സംശയിക്കുന്നവര്‍ പുറത്തുപറയാന്‍ മടിക്കുന്നുവെന്നതാണ് ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ തൊലിപ്പുറത്തെ പാടുകള്‍ നിസ്സാരമാണെങ്കിലും വിശദമായ പരിശോധനയ്ക്ക് വിധേയമാകാന്‍ ഓരോരുത്തരും സ്വയം തയ്യാറാകണം. രോഗം കണ്ടെത്താനും ചികിത്സിക്കാനും വൈകുന്നതാണ് അംഗവൈകല്യത്തിന് കാരണമാകുന്നത്. രോഗം പൂര്‍ണമായും നിര്‍മാജനം ചെയ്യുക, നിലവില്‍ രോഗബാധിതരായവരില്‍ ഒരാള്‍ക്ക് പോലും അംഗവൈകല്യം വരാതെ നോക്കുക എന്നിവയാണ് ആരോഗ്യവകുപ്പിന്റെ ദൗത്യം.
ചര്‍മരോഗ പരിശോധനയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 15ന് മലപ്പുറത്ത് നടക്കും. ഇതിന്റെ ഭാഗമായി മൂന്ന് വയസ്സ് മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളില്‍ പരിശോധന നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, പട്ടികവര്‍ഗവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂള്‍ അധ്യാപകര്‍, അംഗനവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് ഇതിനായ പ്രത്യേക പരിശീലനം നല്‍കും. അധ്യാപകരെ കൂടാതെ ആശാവര്‍ക്കര്‍മാര്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘമാണ് ആദ്യഘട്ട സ്‌ക്രീനിങ് നടത്തുക. രോഗം സംശയിക്കുന്നവരെ ആദ്യം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാരും പിന്നീട് ജില്ലയിലെ ത്വക് രോഗ വിദഗ്ധരും വിശദമായി പരിശോധിക്കും. ചര്‍മരോഗമുള്ള കുട്ടികളുടെ പട്ടിക തയ്യാറാക്കി സൗജന്യമായി തുടര്‍ ചികിത്സ ഉറപ്പാക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം ചികിത്സക്ക് സംവിധാനങ്ങളുണ്ട്.
ആദിവാസി കോളനികള്‍, ചേരിപ്രദേശങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ത്വക് രോഗ പരിശോധന നടത്തും.
വിപുലമായ ബോധവത്കരണ പരിപാടികളും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പരിശോധനയും നടത്താന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, അസി. കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, എന്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, ജില്ലാ നോഡല്‍ ഓഫീസര്‍ (ലെപ്രസി) ഡോ.സി അബൂബക്കര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ടി.പി നിര്‍മലാദേവിഅസി. ലെപ്രസി നോഡല്‍ ഓഫീസര്‍ എം. അബ്ദുള്‍ ഹമീദ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
- Log in to post comments