ഉപയോഗ ശൂന്യമായ മരുന്നുകളുടെ സംസ്കരണത്തിന് പ്രത്യേക പദ്ധതി
സാമ്പത്തിക-ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഉപയോഗശൂന്യമായ മരുന്നുകളുടെ സംസ്കരണത്തിനായി പെരിന്തല്‍മണ്ണ നഗരസഭയില്‍ പ്രത്യേക പദ്ധതി ആരംഭിച്ചു.സമ്പൂര്‍ണ ശുചിത്വ പദ്ധതിയായ ജീവനം പദ്ധതിയുടേയും അല്‍ശിഫ കോളേജ് ഓഫ് ഫാര്‍മസിയുടേയും നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്.
ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നു മുതല്‍ 30 വരെ ഒരു മാസക്കാലം നഗരസഭയിലാകമാനമുളള മരുന്നുകളുടെ ഉപയോഗം, ഉപയോഗ ശൂന്യമായ മരുന്നുകളുടെ ശരിയായ സംസ്കരണം എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. ഉപയോഗ ശൂന്യമായ മരുന്നുകളുടെ ശേഖരണത്തിനായി പ്രത്യേകം തയ്യാറാക്കിയ പേപ്പര്‍ കവറുകളും ഇതോടൊപ്പം നല്‍കും. രണ്ട് മാസത്തിലൊരിക്കല്‍ ജീവനം ഹരിതസേന വീടുകളിലെത്തി കവറിലാക്കി വെച്ചിട്ടുളള മരുന്നുകള്‍ ശേഖരിക്കും. ഇങ്ങനെ ശേഖരിച്ച മരുന്നുകള്‍ അല്‍ശിഫ കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ഥികള്‍ തന്നെ ഉപയോഗിക്കാവുന്നവയും അല്ലാത്തവയുമായി വേര്‍തിരിച്ച് ഉപയോഗ ശൂന്യമായവയെ ശാസ്ത്രീയ സംസ്കരണത്തിനായി അയക്കും. ഉപയോഗിക്കാവുന്നവ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം നഗരസഭയുടെ സാന്ത്വനം പദ്ധതി വഴി ആവശ്യക്കാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും.
പദ്ധതിയുടെ ഭാഗമായി ജീവനം ഹരിത സേനക്കുളള പരിശീലന ശില്പശാലയും ബോധവര്‍ക്കരണ നോട്ടീസിന്റെ പ്രകാശനവും നഗരസഭ ചെയര്മാന് എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്മാന് നിഷി അനില്‍രാജ് അധ്യക്ഷയായി. അല്‍ശിഫ കോളേജ് ആഫ് ഫാര്‍മസിയുടെ പ്രിന്‍സിപ്പള്‍ ഡോ.സൂര്യപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഫാം ഡി വിദ്യാര്‍ഥികളായ സയ്യിദ് മുഹമ്മദ് ഷമീര്‍ പി.ടി, ഷെസ മദീദ്, ഷഹനാസ് മുഹമ്മദ്കുട്ടി എന്നിവര്‍ ഹരിത സേനാംഗങ്ങള്‍ക്ക് പരിശീലനം നല്കി.
- Log in to post comments