സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.
ജില്ലയില്‍ സ്വാന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തുന്നതിന് ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്ത് 15ന് രാവിലെ എട്ടുമണിക്ക് എം.എസ്.പി ഗ്രൗണ്ടില്‍ വിവിധ പ്രാദേശിക സേനകളുടെ പരേഡ് നടക്കും. പരേഡില്‍ വിശിഷ്ടാതിഥിയായി സര്‍ക്കാര്‍ ചുമതല പെടുത്തുന്ന ഏതെങ്കിലും ഒരു മന്ത്രി പങ്കെടുക്കും. വിശിഷ്ടാതിഥി സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.വിദ്യാര്‍ത്ഥി വിഭാഗത്തില്‍ സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി., സ്‌കൗട്‌സ്, ഗൈഡ്‌സ്, റെഡ് ക്രോസ്, തുടങ്ങിയവയും പരേഡില്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാവും. പൊതുജനങ്ങള്‍ക്ക് പരേഡ് വീക്ഷിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തും
ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ അലങ്കരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി അറിയിച്ചു. മികച്ചരീതിയില്‍ അലങ്കാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പരിപാടികള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടൊക്കാള്‍ പാലിച്ചായിരിക്കും നടത്തുക.
പരേഡിന് മുന്നോടിയായി സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ വിശിഷ്ടാതിഥി പുഷ്പ ചക്രം അര്‍പ്പിക്കും. പരേഡിന് തയ്യാറെടുക്കുന്നതിന് സേനാംഗങ്ങള്‍ക്ക് ആഗസ്റ്റ് 11,12,13 തീയതികളില്‍ റിഹേഴ്‌സല്‍ നടത്തും. പരേഡ് ദിവസം രാവിലെ 6.45 മുനിസിപ്പല്‍ പ്രദേശത്തെ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് പ്രഭാത ഭേരി നടത്തും. പ്രഭാത ഭേരിയില്‍ മികച്ച പ്രദര്‍ശനം നടത്തുന്ന സ്‌കൂളുകള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്യും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ അസി.കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, എ.ഡി.എം.വി.രാമചന്ദ്രന്‍, ആര്‍.ഡി.ഒ. കെ.അജീഷ്, ജില്ലാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments