Skip to main content

സിതാറിൽ നാദവിസ്മയം തീർത്ത് ഉസ്താദ് റഫീഖ് ഖാൻ

 

കൈവിരല്‍ കൊണ്ട് സിതാറിൽ മായാജാലം തീർത്ത് ഉസ്താദ് റഫീഖ് ഖാൻ. വിനോദസഞ്ചാരവകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണോത്സവത്തിന്റെ ഭാഗമായാണ് കോഴിക്കോട് തളി ഓപ്പണ്‍ സ്റ്റേജ് വേദിയിൽ സംഗീത സാമ്രാട്ട് ഉസ്താദ് നയിച്ച സിതാര്‍ സംഗീത രാവ് അരങ്ങേറിയത്.

ജിജോട്ടി ഹിന്ദുസ്ഥാനി രാഗത്തിലൂടെയാണ് സംഗീത രാവിന് ഉസ്താദ് തുടക്കമിട്ടത്. സിത്താറിൽ കൈവിരലിലൂടെ അദ്ദേഹം തീർത്ത വിസ്മയം സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു പ്രേക്ഷകർ. തബലയുമായി ത്രിലോചൻ കാബ്ലിയും ചേർന്നതോടെ സംഗീതരാവ് ആവേശഭരിതമായി. 

മഴയുടെ രാഗമായ മിയാകി മൽഹാർ വായിച്ചത് ശ്രോതാക്കൾ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്. നിരവധി പേരാണ് സംഗീത സാമ്രാട്ടിന്റെ പരിപാടി കാണാനായി എത്തിച്ചേർന്നത്.

തലമുറകളായി പകര്‍ന്നു കിട്ടിയതാണ് സിതാറില്‍ മാന്ത്രികത തീര്‍ക്കാനുള്ള ഉസ്താദിന്റെ കഴിവ്. ഒന്‍പതാം വയസ്സിലായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് അച്ഛന്റെയും സഹോദരന്റെയും ശിക്ഷണം കൂടിയായപ്പോള്‍ സംഗീത ലോകത്തേക്ക് കൂടുതല്‍ അടുത്തു.

ഇന്ത്യയിലും വിദേശത്തുമടക്കം നിരവധി വേദികളില്‍ സംഗീത രാവുകള്‍ അവതരിപ്പിച്ച ഉസ്താദ് റഫീഖ് ഖാന്‍ വളരെ പെട്ടെന്നു തന്നെ സംഗീത ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരുപാട് വര്‍ഷത്തെ അനുഭവ സമ്പത്തും ഒപ്പം കലാപാരമ്പര്യവും ഉസ്താദിനെ സംഗീത ലോകത്തെ സാമ്രാട്ടാക്കി മാറ്റി.  

സുർമണി അവാര്‍ഡ്, സന്ദേശ അവാര്‍ഡ്, സംഗീത് സൗരഭ പട്ടം, സുരേർ ഗുരു പണ്ഡിറ്റ് ജസ് രാജ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇതിനോടകം അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്

date