Skip to main content

കര്‍ശന പരിശോധനക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

പാലച്ചിറമാട് ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന പരിശോധനക്കൊരുങ്ങുന്നു. റോഡരികില്‍ നിന്ന് വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിന് പകരം യാത്രക്കാരായി ബസുകളില്‍ കയറി അമിത വേഗതയും അപകടകരമായ ഡ്രൈവിംഗും കണ്ടെത്താനാണ് തീരുമാനം. സ്ഥിരം അപകടങ്ങളുണ്ടാകുന്ന തൃശൂര്‍- കോഴിക്കോട് റൂട്ടിലാണ് ആദ്യഘട്ടം ഈ രീതിയില്‍ പരിശോധനകള്‍ നടക്കുക. ഈ മാസം 23 മുതല്‍ പരിശോധനകള്‍ തുടങ്ങും. ആഗസ്ത്  ഒന്നു മുതല്‍ പരിശോധനകള്‍ മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.
 പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യാത്രക്കാരായി വന്ന് ഡ്രൈവര്‍മാര്‍ അറിയാതെ തന്നെ അവരുടെ ഡ്രൈവിംഗ് രീതി വീഡിയോ എടുക്കും. അമിതവേഗത ഡിജിറ്റല്‍ സംവിധാനത്തിലൂടെ കണ്ടെത്തുകയും അപ്പോള്‍ തന്നെ സാക്ഷിയായി വെച്ച് കുറ്റപത്രം തയ്യാറാക്കുകയും ചെയ്യും. ലൈസന്‍സ് അയോഗ്യത കല്‍പിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ബസ് ഉടമയോട് ഡ്രൈവറെ മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെടുകയും ചെയ്യും.  ഇതോടൊപ്പം ഡ്രൈവര്‍മാര്‍ക്കായി എടപ്പാള്‍ ഐ.ഡി.ടി.ആറില്‍ വെച്ച് ഏകദിന പരിശീലനം നല്‍കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

 

date