Skip to main content
പുന്നയൂർക്കുളം ചെറായി സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ജാസ്മിൻ ഷെഹീർ നിർവ്വഹിക്കുന്നു

കുരുന്നുകള്‍ക്ക് കളിച്ചുല്ലസിക്കാന്‍ ചെറായി സ്മാര്‍ട്ട് അങ്കണവാടിയും 

 

കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമായി ആധുനിക സൗകര്യങ്ങളോടെ പുന്നയൂര്‍ക്കുളം, ചെറായി സ്മാര്‍ട്ട് അങ്കണവാടിയും. പുതുക്കി പണിത അങ്കണവാടി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ കുരുന്നുകള്‍ക്ക് തുറന്ന് നല്‍കി. റര്‍ബ്ബണ്‍ മിഷന്‍ ഫണ്ടില്‍ നിന്ന് 18.20 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്നാം വാര്‍ഡിലെ പതിനേഴാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി ഒരുക്കിയിട്ടുള്ളത്. 

2.5 സെന്റ് സ്ഥലത്ത് ഇരുനിലകളിലായാണ് കെട്ടിടം. ശിശുസൗഹൃദവും വിശാലവുമായ ക്ലാസ് റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, പ്രത്യേക മാറ്റ്, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, ശിശുസൗഹൃദ ടോയ്‌ലറ്റ്, ചുറ്റുമതില്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ അങ്കണവാടിയില്‍ ഒരുക്കിയിട്ടുണ്ട്. ചുവരുകളില്‍ കുട്ടികളുടെ പ്രിയപ്പെട്ട കാട്ടിലെ കണ്ണനും ഡോറാബുജിയുമടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ പുതിയ അനുഭവം സമ്മാനിക്കും. കളിക്കാന്‍ പുത്തന്‍ കളിപ്പാട്ടങ്ങളും സ്മാര്‍ട്ട് ടിവിയും ഉണ്ട്. 

വൈസ് പ്രസിഡന്റ് ഇ കെ നിഷാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിനിമാതാരം അജയ് കുമാര്‍ (ഗിന്നസ് പക്രു) മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രേമ സിദ്ധാര്‍ഥന്‍, പഞ്ചായത്ത് സെക്രട്ടറി ടി മണികണ്ഠന്‍, പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date