Skip to main content

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി പരിശോധന കര്‍ശനമാക്കും  - ജില്ലാ കളക്ടര്‍

 

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിപരിശോധന പോലീസിന്റെയും എക്‌സൈസിന്റെയും ആഭിമുഖ്യത്തില്‍ കര്‍ശനമാക്കുവാന്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍ദേശം നല്‍കി. ലഹരിവിമുക്ത ബാല്യവുമായി ബന്ധപ്പെട്ട് വിമുക്തിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനായോത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി താലൂക്ക് അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ട   സ്‌ക്വാഡ് രൂപീകരിക്കാനും സ്‌കൂള്‍ പരിസരങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി. ബാലനീതി നിയമം പ്രകാരം കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നല്‍കുന്നത് ഏഴ് വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാനിടയുള്ള കുറ്റകൃത്യമാണ്. ബാലനീതി മോഡല്‍ റൂള്‍ 56 പ്രകാരം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയില്‍ കുട്ടികളെ കണ്ടെത്തിയാല്‍ കുട്ടിയെ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും നിര്‍ബന്ധമായും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ലഹരിക്ക് അടിമയയായ കുട്ടിയെ സി.ഡബ്ലു.സിയില്‍ ഹാജരാക്കണം. കുട്ടികളിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തെ പ്രതിരോധിക്കുന്നതിനായി അധ്യാപകരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

യോഗത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. ചന്തു, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വിദ്യാധരന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.എസ് അജീഷ് കുമാര്‍, ജില്ലാ ശിശുസംരക്ഷണ കോര്‍ഡിനേറ്റര്‍ ഷാന്‍ രമേഷ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

                 (പിഎന്‍പി 2069/18) 

date