Skip to main content

മരുന്നും അവശ്യസാധനങ്ങളുമായി  നാൽപ്പതംഗ ഡോക്ടർമാരുടെ സംഘം കുട്ടനാട്ടിൽ

കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളിൽ വിദഗ്ധ ചികിത്സ  ലഭ്യമാക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും  ആലപ്പുഴ മെഡിക്കൽ കോളജിലെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും  നേതൃത്വത്തിൽ നാൽപ്പതംഗ ഡോക്ടർമാരുടെ  സംഘം കുട്ടനാട് മേഖല സന്ദർശിച്ച് മെഡിക്കൽ ക്യാമ്പുകൾക്ക് നേതൃത്വം നൽകിത്തുടങ്ങി. ഇന്നലെ രാവിലെ പ്രത്യേക ബോട്ടിലാണ് സംഘം ക്യാമ്പ് സന്ദർശനത്തിന് ഇറങ്ങിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഡോക്ടർമാരുടെ സംഘത്തെ യാത്രയാക്കാൻ എത്തിയിരുന്നു. ജില്ലാ കളക്ടർ എസ്.സുഹാസും സംഘത്തെ യാത്രയാക്കാനെത്തി. 

 

 വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം 15 ടീമുകളായി തിരിഞ്ഞ് വിവിധ ഭാഗങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളജിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളും സന്നദ്ധ സേവനത്തിനായി മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാറിനൊപ്പം രംഗത്തുണ്ട്. മെഡിക്കൽ കോളജിൽ നിന്നുള്ള  സംഘത്തോടൊപ്പം ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മരുന്ന്, നഴ്‌സുമാരുടെ സേവനം, പാരാമെഡിക്കൽ ജീവനക്കാർ, പാലിയേററീവ് കെയർ വിഭാഗം ഡോക്ടർ എന്നിവരെ സംഘത്തിലുൾപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിൽ ആവശ്യമായ വൈദ്യസഹായം എത്തിക്കുക, നിലവിലെ ആരോഗ്യസ്ഥിതിയും ആവശ്യങ്ങളും തിരിച്ചറിയുക, വരും ദിവസങ്ങളിൽ കുട്ടനാട്ടിലും വെള്ളം പൊങ്ങിയ ഇടങ്ങളിലെ രോഗപ്രതിരോധത്തിന് സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ തയ്യാറാക്കുക എന്നിവ കൂടി സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിക്കും. ബ്ലീച്ചിങ് പൗഡർ , വളംകടിക്കുള്ള മരുന്ന്, അവശ്യമരുന്നുകൾ, പരിശോധനാ സംവിധാനം എന്നിവ ബോട്ടിലൊരുക്കിയിട്ടുണ്ട്.  ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ജമുനാവർഗീസ്, ഡോ.അനസ് സാലിഹ് എന്നിവരും സംഘത്തിന് നേതൃത്വം നൽകുന്നു.

                                                             (പി.എൻ.എ. 1983/2018)

 

date