Skip to main content

ദേശീയ പാത വികസനം: കല്ലിടൽ  ഓഗസ്റ്റ് ഒന്നു മുതൽ 

ആലപ്പുഴ: തുറവൂർ മുതൽ കഴക്കൂട്ടം വരെയുള്ള ദേശീയപാതയുടെ നാലുവരിയാക്കലുമായി ബന്ധപ്പെട്ട്  ജില്ലയിലെ പാതയുടെ  അതിർത്തി കല്ലിടൽ ജോലികൾ ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുമെന്ന് ദേശീയപാത  അതോറിറ്റി ഓഫ് ഇൻഡ്യ പ്രോജക്ട് ഡയറക്ടർ ഉറപ്പു നൽകി.   പൊതുമരാമത്ത് -രജിസ്‌ട്രേഷൻ വകുപ്പ്  മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  ദേശീയ പാതയുടെ  സെൻട്രൽ ലൈൻ മാർക്കിങ് മുപ്പതിന് ആരംഭിക്കുവാനും തീരുമാനിച്ചു. നിലവിൽ മൂന്നു എ നോട്ടിഫിക്കേഷൻ വരെയാണ് നടന്നിട്ടുള്ളത്. ജില്ലയിൽ 83 കിലോമീറ്ററാണ് വികസന പദ്ധതിയിലുള്ളത്. കല്ല് ലഭിക്കാനുള്ള കാലതാമസമാണ് ജില്ലയിൽ പാതയുടെ അതിർത്തിനിർണയിച്ച്  കല്ലിടൽ വൈകാൻ കാരണമെന്ന് ദേശീയ പാത  അധികൃതർ മന്ത്രിയെ ധരിപ്പിച്ചു. എൻ.എച്ച.എ.ഐ യുടെ ഭാഗത്ത് നിന്ന് വലിയ കാലതമാസമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും ഇതു മൂന്നാമത്തെ തവണയാണ് കല്ലിടൽ തീയതി മാറ്റുന്നതെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ദേശീയ പാതയുടെ ആകെയുള്ള നിർമ്മാണ പ്രവൃത്തികളെയാണ് നാഷണൽ ഹൈവേ അതോറിറ്റിയുടെ കൃത്യവിലോപം ബാധിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ ജില്ലയിൽ  നാലിടങ്ങളിൽ അലൈൻമെന്റ്  മാറ്റുന്ന വിഷയം  ബന്ധപ്പെട്ടവരെ അറിയിച്ചുണ്ടെന്നും ഇക്കാര്യത്തിൽ ഉടൽ തീരുമാനമുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എസ്.സുഹാസ്,  ദേശീയപാത  അതോറിറ്റി ഓഫ് ഇൻഡ്യ പ്രോജക്ട് ഡയറക്ടർ  വെങ്കിട കൃഷ്ണൻ, ദേശീയപാത  എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.മുകേഷ്,  പി.ഡബ്‌ളിയു.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

                                       (പി.എൻ.എ. 1990/2018)

date