പലവ്യഞ്ജനങ്ങൾ ബോട്ടിലെത്തിച്ചുതുടങ്ങി വെള്ളമിറങ്ങിയാൽ സൗജന്യ റേഷൻ
ആലപ്പുഴ: കുട്ടനാട്ടിൽ പച്ചക്കറി ക്ഷാമം നേരിടുന്ന ക്യാമ്പുകളിൽ ബോട്ടുകളിൽ പച്ചക്കറി എത്തിച്ചുതുടങ്ങിയതായും പാചക വാതക സിലണ്ടറുകൾ കൃത്യമായി ക്യാമ്പിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ജി.സുധാകരൻ. കുട്ടനാട്ടിലേയും അമ്പലപ്പുഴയിലേയും വെള്ളക്കെടുതി നേരിടുന്ന ക്യാമ്പുകളും ഗ്രീവൽ സെന്ററുകളും സന്ദർശിക്കുകയായിരുന്നു മന്ത്രി. ക്യാമ്പുകളിൽ മികച്ച ഭക്ഷണമാണ് ലഭിക്കുന്നതെന്ന് ക്യാമ്പംഗങ്ങൾ തന്നോട് പറഞ്ഞതായും മന്ത്രി പറഞ്ഞു.
വൈദ്യസഹായം, മെഡിക്കൽ ആംബുലൻസ്, ജല ആംബുലൻസ്, മൊബൈൽ മെഡിക്കൽ യൂണിറ്റ് തുടങ്ങീ സർക്കാരിന് സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ജില്ല ഭരണകൂടം നടത്തുന്നുണ്ട്. ഒരു ലക്ഷം പേർ ക്യാമ്പിൽ താമസിക്കുമ്പോൾ ചെറിയ പരാതികൾ ഉയരുന്നത് സ്വാഭാവികം. മന്ത്രിമാർ കുട്ടനാട്ടിൽ താമസിക്കുന്നതിലല്ല കാര്യമെന്നും ജനങ്ങൾക്കുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്തുന്നതാണ് അവരുടെ ജോലിയെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മഴക്കെടുതി സംബന്ധിച്ച വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷമാണ് മന്ത്രി ക്യാമ്പുകൾ സന്ദർശിച്ചത്. കുട്ടനാടൻ മേഖലകളിൽ കൂടുതൽ യാത്ര ബോട്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളമിറങ്ങിയാലുടൻ സൗജന്യ റേഷൻ അനുവദിക്കും. ക്യാമ്പുകളിൽ ഭക്ഷണവിതരണം ഉള്ളതിനാൽ അവിടെ ഇപ്പോൾ സൗജന്യറേഷൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ വെള്ളമിറങ്ങിയാലുടൻ മികച്ച രീതിയിൽ പുനസ്ഥാപിക്കും. അമ്പലപ്പുഴ, കഞ്ഞിപ്പാടം ,നെടുമുടി, കൈനകരി ഭാഗങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദർശനം. കേന്ദ്രസഹായം കുറവാണെങ്കിൽ സംസ്ഥാന സർക്കാർ ആ കുറവ് പരിഹരിക്കും. സംസ്ഥാനത്തിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും അധികം തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നീക്കിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല ഭരണകൂടം കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
(പി.എൻ.എ. 1934/2018)
- Log in to post comments