Skip to main content

ജില്ലാശുചിത്വ മിഷന്‍ - സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഏകദിന ശില്‍പ്പശാല എടപ്പാളില്‍

 രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും ജില്ലകളിലേയും ശുചിത്വ നിലവാരവും സൗകര്യങ്ങളും വിലയിരുത്തുന്നതിനും മികച്ചവയെ തിരഞ്ഞെടുക്കുന്ന തിനുമായി നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ സ്വച്ഛ് സര്‍വേക്ഷണ്‍ സര്‍വ്വെയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ഇന്ന് (28 ജൂലൈ) നിര്‍വ്വഹിക്കും. ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ശുചിത്വ സര്‍വ്വേ എടപ്പാള്‍ ഖദീജ കാസില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകദിന ശില്‍പ്പശാലയോടെയാണ് ആരംഭിക്കുക.  
സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ്റ്റാന്റുകള്‍ മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയോടൊപ്പം ഗ്രാമപഞ്ചായത്തുകളിലെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ശുചിത്വത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകളും സംബന്ധിച്ച് സ്വച്ഛ്ഭാരത് ഗ്രാമീണിന്റെ വെബ് അധിഷ്ടിത നിരീക്ഷണ സംവിധാനമായ ഐ.എം.ഐ.എസ് ലെ സ്ഥിതി വിവരകണക്കുകളുടെയും അടിസ്ഥാനത്തിലാകും മികച്ച സംസ്ഥാനങ്ങളെയും ജില്ലകളെയും തിരഞ്ഞെടുക്കുക.  
ഇത്തരത്തില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമുള്ള അവാര്‍ഡുകള്‍ കേന്ദ്രസര്‍ക്കാര്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് നല്‍കും. കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഒരു സ്വതന്ത്ര ഏജന്‍സിയാണ് സര്‍വ്വേ നടപ്പിലാക്കുന്നത്.

 

date