Skip to main content

ക്യാമ്പുകളൊഴിയുന്നു; പഠനം സജ്ജീവമാക്കി സ്‌കൂളുകള്‍

 

വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍   പഠനം സജ്ജീവമാക്കി പൂര്‍വ്വ സ്ഥിതിലേക്ക്. വീടും പരിസരവും  കാലവര്‍ഷത്തില്‍ മുങ്ങിയവര്‍ക്ക് ജില്ലയില്‍ പലയിടങ്ങളിലും അഭയകേന്ദ്രമായത് വിദ്യാലയങ്ങളാണ്.  കോട്ടയം താലൂക്കിലെ 16 വില്ലേജുകളില്‍  പ്രവര്‍ത്തിച്ച 41 സ്‌കൂളുകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കി സ്‌കൂളുകളില്‍ അധ്യയനം ആരംഭിച്ചു.  പനച്ചിക്കാട് വില്ലേജിലെ മൂലേടം അമൃത ഹൈസ്‌കൂളിലും പരുത്തുംപാറ ഗവ.എല്‍.പി.സ്‌കൂളിലും ഉള്ള ക്യാമ്പുകളില്‍ ഇപ്പോഴും താമസക്കാരുണ്ടെങ്കിലും സ്‌കൂളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല. ചങ്ങനാശ്ശേരി താലൂക്കില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച 13 സ്‌കൂളുകളില്‍ മൂന്നിടത്ത് താമസക്കാരുണ്ട്. ക്യാമ്പ് തുടരുന്ന പെരുന്ന ഗവ.എല്‍.പി.എസ്, പെരുന്ന പടിഞ്ഞാറ് ഗവ.എല്‍.പി.എസ്, ളായിക്കാട് സെന്റ് ജോണ്‍സ് എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ചയോടെ പഠനം ആരംഭിക്കാനാകും. വൈക്കം-മീനച്ചില്‍  താലൂക്കുകളില്‍  ക്യാമ്പുകളുണ്ടായിരുന്ന എല്ലാ സ്‌കൂളുകളിലും ക്ലാസ്സുകള്‍ ആരംഭിച്ചു. വൈക്കത്ത് 39 സ്‌കൂളുകളിലാണ് ക്യാമ്പുകളുണ്ടായിരുന്നത്. കല്ലറ എസ്.എം.വി എല്‍.പി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്  ക്യാമ്പിലുണ്ടായിരുന്നവരെ തൊട്ടടുത്തുള്ള സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.           വെച്ചൂര്‍ സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും   ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ പഠനവും  നടക്കുന്നുണ്ട്. താമസം ഒഴിഞ്ഞ സ്‌കൂളുകളില്‍ വില്ലേജോഫീസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും അധ്യാപകരും ക്യാമ്പിലെ താമസക്കാരും ചേര്‍ന്നാണ് ശുചീകരണം നടത്തി പൂര്‍വ്വ സ്ഥിതിയിലാക്കിയത്. ക്ലാസ്സ് മുറികളും ബെഞ്ച്, ഡെസ്‌ക് എന്നിവയും  കഴുകി വൃത്തിയാക്കുകയും പരിസരത്തെ മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബിന്നുകളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മലിന ജലം കലരാന്‍ സാധ്യതയുള്ള സ്‌കൂള്‍ കിണറുകളിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ച് വറ്റിച്ച് ശുദ്ധജലം ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുകയാണ്. വാഹനത്തില്‍ വെള്ളമെത്തിച്ചാണ് കുട്ടികള്‍ക്ക് കുടിക്കുന്നതിനും ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനും  ഉപയോഗിക്കുന്നത്. തിളപ്പിച്ച വെള്ളമാണ് കുട്ടികള്‍ക്ക് കുടിക്കാനായി നല്‍കുന്നത്.

                                                  (കെ.ഐ.ഒ.പി.ആര്‍-1597/18) 

date