Skip to main content

തോലന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് പ്രവേശനം:   അപേക്ഷ ആഗസ്റ്റ് മൂന്ന് വരെ 

 

തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന തോലന്നൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജിലേക്ക് ഡിഗ്രി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു.  ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം  ബിരുദ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഫോം തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഓഫീസില്‍ 50 രൂപ നിരക്കില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചിനകം കോളെജില്‍ എത്തിക്കണം. ബി.എ. ഇംഗ്ലീഷിനും ബി.എസ്.സി ജിയോഗ്രഫിക്കും 24 സീറ്റ് വീതവും ബി.കോമിന് 40 സീറ്റുമാണുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകീകൃത പ്രവേശനത്തിനായുള്ള ക്യാപ് ഐഡിയുള്ളവര്‍ ഫോമിനൊപ്പം ഐഡിയും നല്‍കണം. ക്യാപ് ഐഡിയില്ലാത്തവര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് സ്പെഷല്‍ ഓഫീസര്‍ ഡോ.പി. ബാലസുബ്രഹ്മണ്യം അറിയിച്ചു. 
കോളെജ് പ്രവേശനത്തിന്‍റെ റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് ആറിന് അഞ്ച് മണിക്ക് കോളെജ് ഓഫീസില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് പത്തിനാണ് പ്രവേശനം. ക്ലാസുകള്‍ ഓഗസ്റ്റ് 12ന് ആരംഭിക്കും. കോളെജിലേക്കുള്ള പ്രവേശന നടപടികള്‍ ഓഗസ്റ്റ് 21-ന് അവസാനിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പ്രവേശനം.
തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലത്താണ് കോളെജ് കെട്ടിടം നിര്‍മിച്ചത്.  തരൂര്‍ എം.എല്‍.എ.കൂടിയായ മന്ത്രി എ.കെ ബാലന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര കോടി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. രണ്ടു നിലകളും ഒരു ഭൂഗര്‍ഭ നിലയടക്കം മൂന്ന് നിലകളിലായി നിര്‍മിച്ച കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. 
സര്‍ക്കാര്‍ കോളെജില്ലാതിരുന്ന തരൂര്‍ മണ്ഡലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം മുതല്‍ പ്ലസ് ടു വരെയുള്ള പഠനത്തിനു അവസരമുള്ള തോലന്നൂര്‍ സ്കൂള്‍ കോംപൗണ്ടില്‍ കോളെജ് ആരംഭിക്കുന്നതോടെ അടിസ്ഥാന വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ ഇവിടെ സാധ്യമാകും. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ കോളെജ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊളെജ്  ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ക്കായി 501 സംഘാടക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

date