Skip to main content

വിജ്ഞാനപ്രദമായി ചരിത്രരേഖാവസ്തുക്കളുടെ പ്രദര്‍ശനം

 

അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരതാ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍  അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ചരിത്രരേഖാ വസ്തുക്കളുടെ പ്രദര്‍ശനം കൗതുകവും വിജ്ഞാനപ്രദവുമായി. പുതുതലമുറയ്ക്ക് അന്യമായ പഴയകാലവസ്തുക്കളുടെ പ്രദര്‍ശനമാണ് നടന്നത്. അതിയന്നൂര്‍ ബ്ലോക്കിലെ സാക്ഷരതാമിഷന്‍  പഠിതാക്കള്‍  ഫീള്‍ഡ് തല പഠനത്തിന്റെ  ഭാഗമായി ശേഖരിച്ച വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. ചരിത്രരേഖാവസ്തുക്കളുടെ പ്രദര്‍ശനത്തിനൊപ്പം സാക്ഷരതാ പഠിതാക്കളുടെ സംഗമവും നടന്നു.

പഴയ കാല്‍പെട്ടി, അരട്, അമ്മി, ഉരല്‍, ഉലക്ക, ഇടികല്ല്, കോളാമ്പി, മുളനാഴി തുടങ്ങിയ പഴയകാല വീട്ടുപകരണങ്ങള്‍, പഴയ നാണയങ്ങള്‍, താളിയോല ഗ്രന്ഥനങ്ങള്‍, പനയോലജാതകം എന്നിവ പ്രദര്‍ശനത്തില്‍ ഒരുക്കി.  ബൈബിള്‍, അദ്ധ്യാത്മരാമായണം, വിശ്വസാഹിത്യവിജ്ഞാനകോശം, നാട്യനിരീക്ഷണം, അഷ്ടാംഗഹൃദയം, ഇരുപതാംനൂറ്റാണ്ട് വര്‍ഷാനുചരിതം എന്നീ പുസ്തകങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി. 

അതിയന്നൂര്‍ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നെല്ലിമൂട് കെ. പ്രഭാകരന്‍ അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ചരിത്രരേഖാവസ്തുക്കളുടെ പ്രദര്‍ശനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എന്‍. ജെ. പ്രഫുല്ലചന്ദ്രന്‍ നിര്‍വഹിച്ചു. തുല്യതാ പഠിതാക്കളില്‍ ഒന്നാം സ്ഥാനക്കാരായവരെ  ചടങ്ങില്‍ ആദരിച്ചു.അതിയന്നൂര്‍ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി എസ്, അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. എസ്. പദ്മകുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെ. ജോണി, പി.എസ്. ലീലാഭായി, എസ്. ഷീലാഭദ്രന്‍, കെ.പി. രജിത, ഐ. വിജയകുമാരി, നോഡല്‍ പ്രേരക്മാരായ എസ്. ലത, എസ്.ഡി. ബീനാറാണി, സാക്ഷരതാപ്രേരക്മാര്‍, തുല്യതാപഠിതാക്കള്‍,ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1970/2018)

date