Skip to main content

ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്ന് ജില്ലാ വികസനസമിതിയില്‍ ആവശ്യം

 

 

കാക്കനാട്:  കാലവര്‍ഷക്കെടുതിയുടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം നടത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ജില്ലാ വികസനസമിതിയില്‍ ആവശ്യപ്പെട്ടു.  കനത്ത മഴയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വീടു നശിച്ചവരും കൃഷി നശിച്ചവരുമുണ്ട്.  ഇതിന്റെ നഷ്ടപരിഹാരത്തുകയും മറ്റും ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ.  ഈ സാഹചര്യത്തില്‍ സൗജന്യറേഷന്‍ വലിയ ആശ്വാസമാകും.  കാലവര്‍ഷത്തെത്തുടര്‍ന്ന് മുങ്ങിമരിച്ച സരസ്വതി, കുഞ്ചു എന്നിവരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ടു.  2012ല്‍ ഉരുള്‍പൊട്ടലുണ്ടായ പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മണിപ്പാറ പ്രദേശവാസികള്‍ ഈ വര്‍ഷത്തെ പ്രതികൂല കാലാവസ്ഥയില്‍ ആശങ്കാകുലരാണെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍  ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അവരുടെ ഭീതിയകറ്റണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.  പുഴയോരങ്ങള്‍ സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കണമെന്നും പരിതപ്പുഴ ചെക്ക് ഡാമിനു സമീപത്ത് താമസിക്കുന്ന ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  വെള്ളപ്പൊക്കത്തില്‍ മൂടിപ്പോയ കിണറുകള്‍  മാലിന്യമുക്തമാക്കുന്നതില്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേടുപാടുകള്‍ വന്ന പി.ഡബ്ല്യു.ഡി. റോഡുകളുടെയും ഗ്രാമീണ റോഡുകളുടെയും നാശനഷ്ടം  ഉദ്യോഗസ്ഥര്‍ അടിയന്തിരമായി തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പക്ഷപാതപരമായി പെരുമാറരുതെന്ന് പി.ടി.തോമസ് എം.എല്‍.എ. പറഞ്ഞു.   അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  തൃക്കാക്കരയില്‍ വെള്ളപ്പൊക്കമുണ്ടായത് കനാല്‍  കയ്യേറ്റം നിമിത്തമാണെന്നും ഇത്തരം കയ്യേറ്റങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു.  രേഖകള്‍ നല്‍കുന്നതില്‍ വില്ലേജ് ഓഫീസുകളിലുണ്ടാവുന്ന കാലതാമസം ഒഴിവാക്കണമെന്നും കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാത്തതാണു കാരണമെങ്കില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിന് എം.എല്‍.എ. ഫണ്ടില്‍നിന്നും തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.  അരൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള പാതയോരത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും ആവശ്യപ്പെട്ടു.

കോതമംഗലത്ത് കാടുമൂടിക്കിടക്കുന്ന കോട്ടപ്പടി, കുട്ടമ്പുഴ പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഫെന്‍സിങ് പൂര്‍ത്തിയാക്കണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.  വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുട്ടമ്പുഴ പഞ്ചായത്തില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ടോമി എന്നയാളുടെ മരണം നാടിന്റെ വേദനയായി മാറിയതായും അദ്ദേഹം പറഞ്ഞു.   ചപ്പാത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കടത്തുവള്ളംപോലും കൊണ്ടുവരാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്.  ഭൂതത്താന്‍കെട്ട്- വരട്ടുപാറ റോഡുള്‍പ്പെടെ കനാല്‍ ബണ്ട് റോഡുകള്‍ അതീവ ശോച്യാവസ്ഥയിലാണെന്നും പരിഹാര നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലവര്‍ഷത്തെ തുടര്‍ന്ന് ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ വെള്ളത്തിനടിയിലാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വി.പി.സജീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.

 

മഴക്കെടുതി പുനരധിവാസ പ്രവര്‍ത്തനത്തില്‍ ചെല്ലാനം പ്രദേശത്ത് റവന്യൂ അധികൃതര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി കെ.ജെ.മാക്‌സി എം.എല്‍.എ. അഭിപ്രായപ്പെട്ടു.  ഓഖി ദുരന്തത്തില്‍ മരണമടഞ്ഞ ജോസഫിന്റെ ഭാര്യയ്ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനം ഉടന്‍ പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  തോപ്പുംപടി- പള്ളുരുത്തി റോഡിനു വശങ്ങളിലുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

പിറവം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍  അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ. ആവശ്യപ്പെട്ടു.  

 

കുളമ്പുരോഗം ബാധിച്ച പശുക്കളെ നിസ്സാരവിലയ്ക്ക് വാങ്ങി കശാപ്പുചെയ്ത് ഭക്ഷണശാലകളിലുപയോഗിക്കുന്നതായി ആരോപണമുയരുന്നതായും  ആരോഗ്യത്തിന്  ഭീഷണിയായ ഇക്കാര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കണമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. പറഞ്ഞു. 

കുളമ്പുരോഗം മൂലം പശുക്കള്‍ ചത്താല്‍ ഇന്‍ഷൂറന്‍സ് ലഭിക്കുന്നില്ലെന്നും ഇത് ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണെന്നും വി.പി.സജീന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.  ജീവനക്കാര്‍ വാക്‌സിനേഷന്‍ നടത്തുന്നത് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണെന്ന് വകുപ്പ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

കുളമ്പുരോഗം ഫലപ്രദമായി ചെറുക്കുന്ന കാര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ പങ്കെടുത്ത എം.എല്‍.എ.മാര്‍ പറഞ്ഞു.  കഴിഞ്ഞ മേയില്‍ മഞ്ഞപ്ര, എടത്തല പ്രദേശങ്ങളില്‍ രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നും ജില്ലയിലേക്കു കൊണ്ടുവന്ന കന്നുകാലികളായിരുന്നു രോഗവാഹകര്‍. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രോഗബാധയുള്ളതായി കണ്ടെത്തിയവയെ തിരികെ അയച്ചെങ്കിലും അതിനകം കുളമ്പുരോഗം ജില്ലയില്‍ പടരുകയാണുണ്ടായത്.  കുളമ്പുരോഗ നിര്‍മാര്‍ജനത്തിന് മൃഗസംരക്ഷണ,  ക്ഷീരവികസന വകുപ്പുകള്‍ വിതരണം ചെയ്യുന്ന മരുന്നിന്റെ ഗുണഫലം സംബന്ധിച്ച് എം.എല്‍.എ.മാര്‍ ആശങ്ക പ്രകടിപ്പിച്ചു.  ഇരു വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ട് ഫലപ്രദമായി ഈ പ്രതികൂലസാഹചര്യത്തെ  മറികടക്കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.  കാലവര്‍ഷക്കെടുതിയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.  ദുരിതാശ്വാസക്യാമ്പുകളുടെ പ്രവര്‍ത്തനവും തൃപ്തികരമായിരുന്നു. 

മറ്റു വകുപ്പുകളുടെ അധീനതയിലുള്ളതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകള്‍ പുതുക്കിപ്പണിയാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി കിട്ടുന്നപക്ഷം അറ്റകുറ്റപ്പണിയ്ക്ക് തയ്യാറാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ പറഞ്ഞു.

 ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫിന് യോഗം യാത്രാമംഗളം നേര്‍ന്നു.

എല്‍.ആര്‍.ഡെപ്യൂട്ടി കലക്ടര്‍ ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date