Skip to main content

മീഡിയ അക്കാദമി മധ്യമേഖല പ്രസ് ക്വിസ്:  ചങ്ങനാശേരി എസ്ബി കോളേജ് വിജയികള്‍

 

    അറിവാണ് ലഹരി എന്ന ആശയം അടിസ്ഥാനമാക്കി മീഡിയ അക്കാദമി സംഘടിപ്പിച്ച മധ്യമേഖലാതല ക്വിസ് പ്രസ് മത്സരത്തില്‍ ചങ്ങനാശേരി എസ്.ബി കോളേജിന് വിജയം. എസ്. ബാനുലാല്‍, അനില്‍ മാത്യു എന്നിവരടങ്ങിയ ടീമാണ് വിജയികളായത്. തേവര എസ്.എച്ചിലെ എസ്തപ്പാന്‍ വര്‍ഗീസ്, എം.നിഖില്‍ സുന്ദര്‍ എന്നിവര്‍ രണ്ടാം സ്ഥാനത്തെത്തി. എം.ജി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്സിലെ ബിന്‍ഷ അബൂബക്കര്‍, ഹെസ്ലിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം.

    പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ 50 ടീമുകള്‍  പങ്കെടുത്തു. ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തിയ ടീമുകളാണ് ഡിസംബര്‍ 26ന് കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തിന് അര്‍ഹത നേടിയത്.

    സംസ്ഥാനതല മത്സരത്തില്‍ വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും മികവു പുലര്‍ത്തുന്ന മറ്റും നാലു ടീമുകള്‍ക്ക് 10,000 വീതവും ലഭിക്കും.

    ദക്ഷിണമേഖലാ മത്സരം 6 ന് തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സരസ്വതീ വിദ്യാലയത്തിലും ഉത്തരമേഖലാ മത്സരം 8 ന് കോഴിക്കോട് മടപ്പള്ളി ഗവ.കോളേജിലും നടക്കും.

date