ആര്‍ദ്രം : ജനുവരിയില്‍ ആദ്യഘട്ടം പൂര്‍ത്തികരിക്കാന്‍ തീരുമാനം
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018-19 വര്‍ഷത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ആദ്യഘട്ട പ്രവര്‍ത്തികള്‍ ജനുവരിയോടെ പൂര്‍ത്തീകരിക്കാനാവണമെന്ന് കെ. രാജന് എം.എല്‍.എ. ആര്‍ദ്രം പദ്ധതി സംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 48 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് ഈ വര്‍ഷം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നത്. പദ്ധതി നിര്‍വഹണത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ വേണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെ സജീവമായ പങ്കാളിത്തം ആവശ്യമാണെന്നും കെ. രാജന് എം.എല്‍.എ. പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനാക്കാരുടെ എണ്ണക്കുറവ് ഗൗരവമായ പ്രശ്നമാണ്. ഒഴിവുകളെ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തരമായി ജില്ലാ കള്കടര്ക്കും എം.എല്‍.എമാര്‍ക്കും റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറുമണിവരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും പദ്ധതി നിര്‍വഹണത്തിന് കൃത്യമായ ആസൂത്രണം വേണമെന്നും യോഗത്തില്‍ യു.ആര്. പ്രദീപ് എം.എല്‍.എ. പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 18 ആരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചത്. ഈ വര്‍ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കൊപ്പം ചാലക്കുടി, കുന്നംകുളം താലൂക്ക് ആശുപത്രികളും പദ്ധതിക്കു കീഴില്‍ വരും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജനപ്രതിനിധികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ: ബേബിലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments